RTF Malayalam App Update Now

മുഹമ്മദ് നബി (സ) യുടെ അബ്രഹാമിക പാരമ്പര്യം!

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated


അബ്രഹാം പ്രവാചകന്‍ ഭാര്യ ഹാജറിനെയും പുത്രന്‍ ഇസ്മാഈലിനെയും മക്കയില്‍ കൊണ്ടുചെന്നാക്കിയെന്നും ഇസ്മാഈലിനെയും കൂട്ടി അവിടെ കഅ്ബ സ്ഥാപിച്ചുവെന്നും അതിനു ചുറ്റുമാണ് മക്കന്‍ നാഗരികത വളര്‍ന്നുവന്നതെന്നുമുള്ള മുഹമ്മദ് നബി(സ)യുടെ വിശദീകരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബൈബിള്‍ തെളിയിക്കുന്നുവെന്ന മിഷനറിമാരുടെ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? ഹാജറും ഇസ്മാഈലും ഇബ്രാഹീമിനാല്‍ ഉപേക്ഷിക്കപ്പെട്ടത് മക്കയിലല്ലെന്ന് ബൈബിള്‍ വചനങ്ങളില്‍ നിന്ന് വ്യക്തമാകുന്നില്ലേ?

ഇല്ല. അബ്രഹാം ഹാജറിനെയും ഇസ്മാഈലിനെയും കൊണ്ടുപോയി പാര്‍പ്പിച്ചത് മക്കയിലല്ലെന്ന് ബൈബിള്‍ വചനങ്ങളില്‍ നിന്ന് മനസ്സിലാകുന്നുണ്ടെന്നും അതിനാല്‍ ഇബ്‌റാഹീമും ഇസ്മാഈലും ചേര്‍ന്നാണ് കഅ്ബ നിര്‍മിച്ചതെന്ന പ്രവാചകന്‍(സ)യുടെ അധ്യാപനം അടിസ്ഥാനരഹിതമാണെന്നും സമര്‍ത്ഥിക്കുവാനാണ് മിഷനറിമാര്‍ ശ്രമിച്ചുവരാറുള്ളത്. കഅ്ബയുടെ അബ്രഹാമിക പശ്ചാത്തലം മുഹമ്മദ് നബി(സ)ക്ക് നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ അറബികള്‍ക്കും അവരെ പരിചയമുണ്ടായിരുന്നവര്‍ക്കും ബോധ്യമുണ്ടായിരുന്നതാണെന്നും കഅ്ബ ഏകദൈവാരാധനക്കുവേണ്ടി അബ്രഹാം സ്ഥാപിച്ചതാണെന്ന വസ്തുതയെ നിരാകരിക്കുന്ന യാതൊരു ചരിത്രരേഖയുമില്ലെന്നും നാം നേരത്തെ കണ്ടുകഴിഞ്ഞു. മുഹമ്മദ് നബി (സ) പുതുതായി അവതരിപ്പിച്ച ഒരു വാദത്തെയല്ല, മറിച്ച് അറബികള്‍ക്കും ചരിത്രത്തിനും തര്‍ക്കമില്ലാത്ത ഒരു യാഥാര്‍ത്ഥ്യത്തെയാണ് മിഷനറിമാര്‍ ബൈബിളുപയോഗിച്ച് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് എന്നാണിതിനര്‍ത്ഥം. കഅ്ബ ഇബ്‌റാഹീമും ഇസ്മാഈലും ചേര്‍ന്ന് സ്ഥാപിച്ചതല്ലെന്ന് പറയാന്‍ മിഷനറിമാരുടെ കയ്യില്‍ ബൈബിളല്ലാത്ത യാതൊരു പ്രണാണവുമില്ല. അതുകൊണ്ടുതന്നെ, ബൈബിള്‍ പ്രമാദങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തമായ ചരിത്രസ്രോതസ്സാണെങ്കില്‍ മാത്രമേ ഈ വാദത്തിന് എന്തെങ്കിലും പ്രസക്തിയുണ്ട് എന്നു പറയാനാകൂ.

ക്വുര്‍ആന്‍ പ്രപഞ്ചനാഥനായ അല്ലാഹു മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിച്ചുകൊടുത്ത വേദഗ്രന്ഥമാണെന്നാണ് ക്വുര്‍ആനും മുഹമ്മദ് നബി(സ)യും പഠിപ്പിച്ചിട്ടുള്ളത്; മുസ്‌ലിം ലോകം നാളിതുവരെയായി അങ്ങനെയാണ് മനസ്സിലാക്കി വന്നിട്ടുള്ളതും. ബൈബിള്‍ ക്രൈസ്തവരുടെ വേദഗ്രന്ഥമാണെന്നാണ് പറയപ്പെടാറുള്ളതെങ്കിലും അത് പ്രപഞ്ചരക്ഷിതാവിന്റെ വചനങ്ങളുടെ സമാഹാരമാണെന്ന് ബൈബിളെഴുത്തുകാര്‍ക്കോ ക്രൈസ്തവലോകത്തിനുപോലുമോ അവകാശവാദമില്ല.

പ്രവാചകന്‍മാരുടെയും ഇസ്രയേല്‍ സമൂഹത്തിന്റെയും ചരിത്രം പല കാലങ്ങളിലായി മനുഷ്യര്‍ എഴുതിവെച്ചതിന്റെ സമാഹാരമാണ് ബൈബിള്‍ പഴയ നിയമം. ആ ചരിത്രം പറഞ്ഞുപോകുമ്പോള്‍ പ്രവാചകവചനങ്ങളായി അവരുടെ ഓര്‍മയിലുള്ള പലതും ബൈബിളില്‍ കടന്നുവരുന്നുണ്ടെന്ന് മാത്രമേയുള്ളൂ. അതാത് പ്രവാചകന്‍മാരുടെ മരണം കഴിഞ്ഞ് കാലങ്ങള്‍ പിന്നിട്ടതിനുശേഷമാണ് ബൈബിള്‍ പുസ്തകങ്ങള്‍ പലതും രചിക്കപ്പെട്ടത് എന്നതുകൊണ്ടുതന്നെ, ബൈബിളില്‍ നമുക്കിന്ന് വായിക്കാന്‍ കഴിയുന്ന പ്രവാചകചരിത്രത്തിലും അതിന്റെ ഭാഗമായി ഉദ്ധരിക്കപ്പെട്ടിരിക്കുന്ന പ്രവാചക വചനങ്ങളിലും സ്ഖലിതങ്ങളുണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ഇങ്ങനെ സ്ഖലിത സാധ്യതകളോടുകൂടി എഴുതപ്പെട്ടു എന്നതിനുപുറമെ, എഴുതപ്പെട്ടതിനുശേഷം പില്‍ക്കാലക്കാരുടെ തിരുത്തലുകള്‍ക്ക് നിരന്തരമായി വിധേയമായി എന്നത് ബൈബിള്‍ വിവരണങ്ങളുടെ ആധികാരികതയെ പിന്നെയും സംശയാസ്പദമാക്കുന്നു. സത്യസന്ധരായ ബൈബിള്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളില്ലാത്ത വസ്തുതകളാണിവയെല്ലാം. ബൈബിള്‍ പറയുന്നു എന്നതുകൊണ്ടുമാത്രം ഒരു കാര്യം ശരിയോ തെറ്റോ ആകണമെന്നില്ല എന്നു തന്നെയാണ് ഇതിന്റെയര്‍ത്ഥം.

ബൈബിള്‍ പറയുന്ന ചരിത്രത്തില്‍ അനേകം അബദ്ധങ്ങളുണ്ടെന്ന് ഇതിനകം ചരിത്രഗവേഷകര്‍ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇബ്‌റാഹീം ഹാജറിനെയും ഇസ്മാഈലിനെയും കൊണ്ടുപോയി പാര്‍പ്പിച്ചത് മക്കയിലല്ലെന്ന് ബൈബിള്‍ പറയുന്നതുകൊണ്ടു മാത്രം അത് മക്കയിലല്ല എന്നു വരികയില്ലെന്ന് ചുരുക്കം. ‘ഞങ്ങളുടെ ബൈബിള്‍ പറയുന്നു; അതിനാല്‍ ലോകം അത് അംഗീകരിക്കണം’ എന്നു പറയുന്ന ഭക്തിയുടെയും വിശ്വാസത്തിന്റെയും ഭാഷ മിഷനറിമാരുടെ മനസ്സമാധാനത്തിനു മാത്രമേ ഉപകരിക്കൂ. ബൈബിള്‍ കുറ്റമറ്റ ചരിത്രസ്രോതസ്സാണെന്നും അതില്‍ യാതൊരുവിധ അബദ്ധവുമില്ലെന്നും തെളിയിക്കുവാന്‍ മിഷനറിമാര്‍ സന്നദ്ധമാകാത്തിടത്തോളം കാലം സത്യാന്വേഷികള്‍ അതിന് യാതൊരു വിലയും കല്‍പിക്കുകയില്ല.

ഇബ്‌റാഹീം നബി(അ)യുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മക്കാ ബന്ധം നിഷേധിക്കുവാന്‍ മിഷനറിമാര്‍ ആശ്രയിക്കുന്നത് പഴയ നിയമത്തിലെ പഞ്ചപുസ്തകങ്ങളെയാണ്; കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ അവയില്‍ ആദ്യത്തേതായ ഉല്‍പത്തി പുസ്തകത്തെ. ഉല്‍പത്തി, പുറപ്പാട്, സംഖ്യ, ലേവ്യ, ആവര്‍ത്തനം എന്നിവയടങ്ങുന്ന പഞ്ചഗ്രന്ഥി തോറയാണെന്ന് സാമാന്യമായി പലരും പറഞ്ഞുപോകാറുണ്ടെങ്കിലും മോശെ പ്രവാചകനവതരിപ്പിക്കപ്പെട്ട തോറ അതേപടി സംരക്ഷിക്കപ്പെട്ടതല്ല, മറിച്ച് അതിലേക്ക് പല കാലങ്ങളിലായി പലതും പുരോഹിതന്‍മാര്‍ സ്വധാരണകള്‍ക്കനുസരിച്ച് എഴുതിച്ചേര്‍ത്തുണ്ടാക്കിയതാണ് പഞ്ചപുസ്തകങ്ങളുടെ ഉള്ളടക്കമെന്ന് ബൈബിള്‍ പണ്ഡിതന്‍മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആവര്‍ത്തന പുസ്തകത്തിലെ മുപ്പത്തിനാലാം അധ്യായത്തില്‍ മോശെയുടെ മരണത്തെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ പോലുമുണ്ട്. മോശെക്ക് കര്‍ത്താവ് അവതരിപ്പിച്ചുകൊടുത്ത വചനങ്ങള്‍ അപ്പടി പരിരക്ഷിക്കപ്പെടുന്നതല്ല പഞ്ചഗ്രന്ഥങ്ങളെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. മോശെ പ്രവാചകനുശേഷവും പഞ്ചപുസ്തകങ്ങളില്‍ പലതും എഴുതിച്ചേര്‍ക്കപ്പെട്ടുവെന്ന് ചുരുക്കം.

അബ്രഹാമിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ജീവിച്ച മോശെയുടെ മരണശേഷവും പുരോഹിതന്‍മാര്‍ വചനങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുള്ള ഒരു പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ മാത്രം വെച്ച് അബ്രഹാം ഹാഗറിനെ കൊണ്ടുചെന്നാക്കിയത് മക്കയിലല്ല എന്നു തീരുമാനിക്കാന്‍ കഴിയുക എങ്ങനെയാണ്? പരിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞതെത്ര ശരിയാണ്! ”വേദക്കാരേ, ഇബ്‌റാഹീമിന്റെ കാര്യത്തില്‍ നിങ്ങളെന്തിനാണ് തര്‍ക്കിക്കുന്നത്? തൗറാത്തും ഇന്‍ജീലും അവതരിപ്പിക്കപ്പെട്ടത് അദ്ദേഹത്തിനു ശേഷം മാത്രമാണല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്? ഹേ; കൂട്ടരേ, നിങ്ങള്‍ക്ക് അറിവുള്ള കാര്യത്തെപ്പറ്റി നിങ്ങള്‍ തര്‍ക്കിച്ചു. ഇനി നിങ്ങള്‍ക്ക് അറിവില്ലാത്ത വിഷയത്തില്‍ നിങ്ങളെന്തിന്ന് തര്‍ക്കിക്കുന്നു? അല്ലാഹു അറിയുന്നു, നിങ്ങള്‍ അറിയുന്നില്ല. ഇബ്രാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ഹനീഫും മുസ്‌ലിമും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നിട്ടുമില്ല. തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്രാഹീമിനോട് കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും, ഈ പ്രവാചകനും, (അദ്ദേഹത്തില്‍) വിശ്വസിച്ചവരുമാകുന്നു. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു.” (ക്വുര്‍ആന്‍ 3 : 65-68)

ഹാജറിന്റെയും ഇസ്മാഈലിന്റെയും പാലായനമുണ്ടായത് മക്കയിലേക്കല്ലെന്ന് ബൈബിള്‍ പുസ്തകങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ വാദിക്കുന്നത് അര്‍ത്ഥശൂന്യമാണെന്ന് നമുക്ക് വ്യക്തമായി. ഇബ്‌റാഹീമിന്റെ ജീവിതത്തിലെ അറേബ്യന്‍ അധ്യായങ്ങള്‍ ബൈബിള്‍ നിരാകരിക്കുന്നുണ്ടോ എന്നാണ് ഇനി പരിശോധിക്കാനുള്ളത്. ഇശ്മയേലിന്റെ പുത്രനായി ബൈബിള്‍ പരിചയപ്പെടുത്തുന്ന കേദാറിന്റെ (ഉല്‍പത്തി 25 : 13, ദിനവൃത്താന്തം 1 : 29) സന്തതിപരമ്പരകള്‍ അറേബ്യയിലാണ് നിവസിക്കുന്നതെന്ന് ബൈബിളെഴുത്തുകാര്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നതാണ് വാസ്തവം. യെശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ ഇപ്പോള്‍ ‘അറേബ്യയെക്കുറിച്ചുള്ള സന്ദേശം’ എന്ന തലക്കെട്ടോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ടുവരുന്ന വചനങ്ങള്‍ വായിക്കുക: ”അറേബ്യയെക്കുറിച്ചുളള അരുള്‍പാട്: ദദാന്യരായ സാര്‍ഥവാഹകരേ, നിങ്ങള്‍ അറേബ്യയിലെ കുറ്റിക്കാട്ടില്‍ വസിക്കും. തേമാന്യരേ, നിങ്ങള്‍ ദാഹിക്കുന്നവര്‍ക്ക് ജലം നല്‍കുവിന്‍, പാലായനം ചെയ്യുന്നവര്‍ക്ക് അപ്പം കൊടുക്കുവിന്‍. എന്തെന്നാല്‍, അവര്‍ ഊരിയ വാളില്‍ നിന്നും കുലച്ച വില്ലില്‍ നിന്നും യുദ്ധത്തിന്റെ നടുവില്‍ നിന്നും രക്ഷപെട്ട് ഓടുന്നവരാണ്. കര്‍ത്താവ് എന്നോട് അരുളിചെയ്തു: കൂലിക്കാരന്‍ കണക്കാക്കുന്നതുപോലെ, കണിശം ഒരു വര്‍ഷത്തിനുള്ളില്‍ കേദാറിന്റെ സര്‍വ മഹത്വവും നശിക്കും. കേദാറിന്റെ വില്ലാളിവീരന്‍മാരില്‍ ചുരുക്കം ചിലര്‍മാത്രം അവശേഷിക്കും. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവാണ് അരുളിചെയ്തിരിക്കുന്നത്.” (എശയ്യ 21 : 13-17).

ഫലസ്ത്വീനു പുറത്തുള്ള അറേബ്യന്‍ മരുപ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്നവരായാണ് ഇസ്മാഈലിന്റെ സന്തതിപരമ്പരകളെ ബൈബിളെഴുത്തുകാര്‍ മനസ്സിലാക്കിയിരുന്നതെന്ന് ഉല്‍പത്തി പുസ്തകം പൂര്‍ണമായി പരിശോധിച്ചാല്‍ തന്നെ മനസ്സിലാകും. ബൈബിള്‍ പരാമര്‍ശിക്കുന്ന ഇസ്മാഈല്‍ സന്തതികളില്‍പ്പെട്ടവരാണ് മക്കയില്‍ നിവസിക്കുന്നതെന്ന് അവരെ പരിചയമുണ്ടായിരുന്ന ജൂതന്‍മാര്‍ക്കും ക്രൈസ്തവര്‍ക്കും ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് മദീനയിലെ ജൂതന്‍മാര്‍ മുതല്‍ പ്രാചീന റോമില്‍ ജീവിച്ച ജോസിഫസിനും സോസിമേമസിനും വരെ മക്കയുടെ അബ്രഹാമിക പൈതൃകത്തെ സംബന്ധിച്ച് സംശയങ്ങളുണ്ടാകാതിരുന്നത്. മിഷനറിമാര്‍ നൂറുശതമാനം ആധികാരികമെന്ന് വിശ്വസിക്കുന്ന ബൈബിള്‍ വിവരണങ്ങള്‍പോലും അറേബ്യയുടെ ഇസ്മാഈലി വേരുകളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്ന് സാരം.

‘ഇശ്മയേല്‍ പാറാനിലെ മരുഭൂമിയില്‍ പാര്‍ത്തു’ എന്ന ബൈബിള്‍ വചനമാണ് (ഉല്‍പത്തി 21 : 20) ഇസ്മാഈലും ഹാജറും പാര്‍പ്പുറപ്പിച്ചത് മക്കയിലല്ലെന്ന് ബൈബിള്‍ സൂചിപ്പിക്കുന്നുവെന്ന് പറയാനായി മിഷനറിമാര്‍ ഉപയോഗിക്കാറുള്ളത്. ‘പാറാന്‍’ എന്ന പ്രയോഗം ബൈബിളില്‍ പലയിടങ്ങളിലായി കാണാന്‍ കഴിയും. അവിടെയെല്ലാം ബൈബിള്‍ ഉദ്ദേശിച്ചത് ഇന്ന് നമുക്ക് പരിചയമുള്ള ഏത് പ്രദേശത്തെയാണ് എന്ന് കൃത്യമായി നിര്‍ണയിക്കുവാന്‍ യാതൊരു നിര്‍വാഹവുമില്ലെന്നതാണ് വാസ്തവം. ഇശ്മയേല്‍ പാര്‍ത്ത പാറാന്‍ ഏതാണെന്ന കാര്യത്തിലും ബൈബിള്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അനേകം അഭിപ്രായവ്യത്യാസങ്ങളുണ്ട്. ‘പാറാന്‍’ എന്ന, ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലാത്ത, അനേകം അര്‍ത്ഥസാധ്യതകള്‍ അവശേഷിപ്പിക്കുന്ന അവ്യക്തമായ പ്രയോഗമാണ് ഇസ്മാഈല്‍ വളര്‍ന്ന പ്രദേശത്തെക്കുറിച്ച് ബൈബിള്‍ നടത്തുന്നതെന്നര്‍ത്ഥം. പാറാന്‍ കൊണ്ട് വിവക്ഷിക്കപ്പെട്ടത് ഇന്ന പ്രദേശമാണെന്ന് തറപ്പിച്ചു പറയാന്‍ നിര്‍വാഹങ്ങളൊന്നുമില്ലെന്നിരിക്കെ, ബൈബിളെഴുത്തുകാരന്‍ ഉദ്ദേശിച്ചത് മക്കയല്ലെന്ന് മിഷനറിമാര്‍ക്ക് തീര്‍ച്ചപ്പെടുത്താന്‍ കഴിയുന്നതെങ്ങനെയാണ്? പാറാന്‍ ഒരു മരുഭൂമിയാണെന്ന അധികവിവരം മാത്രമാണ് പരാമൃഷ്ട ബൈബിള്‍ വചനത്തില്‍ നിന്നു ലഭിക്കുന്നത്. ആ വിവരമാകട്ടെ, പാറാന്‍ മക്കയാകാനുള്ള സാധ്യതയെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.

ഫലസ്ത്വീനിലെ ‘ബിഅ്ര്‍ ശബ’യാണ് പാറാന്‍ കൊണ്ട് ഉദ്ദേശിക്കപ്പെട്ടതെന്ന് ബൈബിള്‍ വചനങ്ങള്‍ തന്നെ വ്യക്തമാക്കുന്നതായി ചില മിഷനറിമാര്‍ വാദിച്ചുനോക്കാറുണ്ട്. പാറാന്‍ മരുഭൂമിയെക്കുറിച്ച് പറയുന്നതിനു തൊട്ടുമുമ്പ് ബൈബിള്‍ ഹാജറിന്റെ ബിഅ്ര്‍ ശബ അനുഭവങ്ങളെക്കുറിച്ച് പറയുന്നുവെന്നതാണ് അവരുടെ ന്യായം. വചനങ്ങള്‍ ഇപ്രകാരമാണ്: ”അബ്രഹാം അതിരാവിലെ എഴുന്നേറ്റ് കുറേ അപ്പവും ഒരു തുകല്‍ സഞ്ചിയില്‍ വെള്ളവുമെടുത്ത് ഹാഗറിന്റെ തോളില്‍ വെച്ചുകൊടുത്തു. മകനെയും ഏല്‍പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവള്‍ അവിടെ നിന്നുപോയി. ബിഅ്ര്‍ ശബ മരുപ്രദേശത്ത് അലഞ്ഞുനടന്നു. തുകല്‍ സഞ്ചിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ കിടത്തി. കുഞ്ഞ് മരിക്കുന്നത് എനിക്കു കാണാന്‍ വയ്യ എന്നുപറഞ്ഞ് അവള്‍ കുറേ അകലെ, ഒരു അമ്പെയ്ത്ത് ദൂരെച്ചെന്ന് എതിര്‍വശത്തേക്ക് തിരിഞ്ഞിരുന്നു. കുട്ടി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടു. സ്വര്‍ഗത്തില്‍ നിന്ന് ദൈവത്തിന്റെ ദൂതന്‍ അവളെ വിളിച്ചുപറഞ്ഞു: ഹാഗാര്‍, നീ വിഷമിക്കേണ്ടാ; ഭയപ്പെടുകയും വേണ്ട. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടിരിക്കുന്നു. എഴുന്നേറ്റ് കുട്ടിയെ കയ്യിലെടുക്കുക. അവനില്‍ നിന്ന് ഞാന്‍ വലിയൊരു ജനതയെ പുറപ്പെടുവിക്കും. ദൈവം അവളുടെ കണ്ണുതുറന്നു. അവള്‍ ഒരു കിണര്‍ കണ്ടു. അവള്‍ ചെന്ന് തുകല്‍ സഞ്ചി നിറച്ച്, കുട്ടിക്ക് കുടിക്കാന്‍ കൊടുത്തു. ദൈവം ആ കുട്ടിയോടു കൂടെയുണ്ടായിരുന്നു. അവന്‍ മരുഭൂമിയില്‍ പാര്‍ത്തു. അവന്‍ വളര്‍ന്ന് സമര്‍ത്ഥനായൊരു വില്ലാളിയായിത്തീര്‍ന്നു. അവര്‍ പാറാനിലെ മരുഭൂമിയില്‍ പാര്‍ത്തു.” (ഉല്‍പത്തി 21 : 14-21).

ബിഅ്ര്‍ ശബയാണ് പാറാന്‍ എന്ന വാദം ഈ ബൈബിള്‍ ഖണ്ഡികയില്‍ നിന്ന് നിര്‍ധരിച്ചെടുക്കുന്നത് അബദ്ധമാണ് എന്നാണ് സൂഷ്മ വായനയില്‍ ബോധ്യപ്പെടുന്നത്. ഈ വാചകങ്ങള്‍ക്ക് തൊട്ടുമുകളിലുള്ള ബൈബിള്‍ വചനങ്ങള്‍ കൂടി പരിശോധിക്കുക: ”ഈജിപ്തുകാരിയായ ഹാഗാറില്‍ അബ്രഹാത്തിന് ജനിച്ച മകന്‍, തന്റെ മകനായ ഇസ്ഹാഖിനോടുകൂടെ കളിക്കുന്നത് സാറ കണ്ടു. അവള്‍ അബ്രഹാത്തോടു പറഞ്ഞു: ആ അടിമപ്പെണ്ണിനെയും അവളുടെ മകനെയും ഇറക്കിവിടുക. അവളുടെ മകന്‍ എന്റെ മകന്‍ ഇസ്ഹാഖിനോടൊപ്പം അവകാശിയാകാന്‍ പാടില്ല. തന്മൂലം മകനെയോര്‍ത്ത് അബ്രഹാം വളരെ അസ്വസ്ഥനായി. എന്നാല്‍, ദൈവം അബ്രഹാത്തിനോട് അരുളിചെയ്തു: കുട്ടിയെക്കുറിച്ചും നിന്റെ അടിമപ്പെണ്ണിനെക്കുറിച്ചും നീ ക്ലേശിക്കേണ്ട. സാറാ പറയുന്നതുപോലെ നീ ചെയ്യുക. കാരണം ഇസ്ഹാഖിലൂടെയാണ് നിന്റെ സന്തതികള്‍ അറിയപ്പെടുക. അടിമപ്പെണ്ണില്‍ ജനിച്ച മകനെയും ഞാനൊരു ജനതയാക്കും. അവനും നിന്റെ മകനാണല്ലോ.” (ഉല്‍പത്തി 21 : 9-13).

ഇശ്മയേലിനോടും ഹാജറിനോടും സാറയ്ക്ക് അസഹിഷ്ണുത തോന്നിയെന്നും തന്റെയും ഇസ്ഹാഖിന്റെയും ജീവിതപരിസരങ്ങളില്‍ നിന്ന് ഹാജറിനെയും ഇശ്മയേലിനെയും പുറത്താക്കാന്‍ സാറ അബ്രഹാമിനോട് ആവശ്യപ്പെട്ടുവെന്നും ഇതില്‍ അസ്വസ്ഥനായ അബ്രഹാമിനെ, സാറയുടെ ആവശ്യം രണ്ട് വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ അബ്രഹാമിന്റെ രണ്ട് സന്തതിശാഖകള്‍ മഹാജനസഞ്ചയങ്ങളായി മാറുക എന്ന ദൈവിക പദ്ധതിയുടെ നിവൃത്തിയായി മാറുമെന്ന് പറഞ്ഞ് കര്‍ത്താവ് ആശ്വസിപ്പിച്ചുവെന്നും തദടിസ്ഥാനത്തില്‍ ഇസ്ഹാഖും സാറയും താമസിച്ചിരുന്ന നാട്ടില്‍ നിന്ന് വിദൂരവും സുരക്ഷിതവുമായ മറ്റൊരിടത്തേക്ക് അബ്രഹാം ഹാഗറിനെയും ഇശ്മയേലിനെയും പറഞ്ഞുവിട്ടുവെന്നും ആണ് ഉപര്യുക്ത ബൈബിള്‍ വചനങ്ങള്‍ വിശദീകരിക്കുന്നത്. ബൈബിള്‍പ്രകാരം ഹാഗറിന്റെയും ഇശ്മയേലിന്റെയും പാലായനത്തിന്റെ ലക്ഷ്യം തന്നെ സാറയുടെയും ഇസ്ഹാഖിന്റെയും ചുറ്റുവട്ടങ്ങളില്‍ നിന്ന് രക്ഷപെടലായിരുന്നുവെന്ന് സാരം.

ബിഅ്ര്‍ ശബ ഇസ്ഹാഖിന്റെയും സാറയുടെയും സ്വന്തം നാടാണെന്ന് ബൈബിളില്‍ നിന്ന് വ്യക്തമാണ്. ബിഅ്ര്‍ ശബ ഉള്‍ക്കൊള്ളുന്ന ഫലസ്ത്വീന്‍ പ്രവിശ്യകളിലാണ് സാറയും ഇസ്ഹാഖും ഇസ്ഹാഖിന്റെ സന്തതിപരമ്പരകളും നിലനിന്നതെന്ന് ബൈബിളെഴുത്തുകാര്‍ സൂചിപ്പിക്കുന്നുണ്ട് (ഉല്‍പത്തി 25). ഇതിനര്‍ത്ഥമെന്താണ്? ബിഅ്ര്‍ ശബയില്‍ തന്നെ ഹാജറും ഇശ്മയേലും പാര്‍പ്പുറപ്പിച്ചാല്‍ അബ്രഹാം എന്തിനുവേണ്ടിയാണോ അവരെ വീട്ടില്‍ നിന്ന് പറഞ്ഞയച്ചത്, ആ ലക്ഷ്യം നിറവേറുകയില്ല എന്നല്ലേ? വാസ്തവത്തില്‍, ഫലസ്ത്വീനില്‍ നിന്ന് പാലായനം ആരംഭിക്കുന്ന ഹാജറും ഇശ്മയേലും ബിഅ്ര്‍ ശബയില്‍ അലഞ്ഞുതിരിയുക എന്നത് വളരെ സ്വാഭാവികമാണ്; കാരണം അവര്‍ അതുവരെ ജീവിച്ച പ്രദേശമാണത്.

തോല്‍ സഞ്ചിയും കൈക്കുഞ്ഞുമായി ബിഅ്ര്‍ ശബ മരുഭൂമിയിലൂടെ തന്നെയായിരിക്കണം ഹാജര്‍ പ്രയാണമാരംഭിച്ചിട്ടുണ്ടാവുക. എന്നാല്‍ വെള്ളം തീര്‍ന്നതും കിണറുകള്‍ കാണാതെ ഹാജറ അസ്വസ്ഥമായതും മലക്ക് പ്രത്യക്ഷപ്പെട്ടതുമെല്ലാം അവിടെ വെച്ചാണെന്ന് ബൈബിളെഴുത്തുകാര്‍ ഉദ്ദേശിച്ചിരിക്കണമെന്നില്ല. ഒന്നാമതായി, ബിഅ്ര്‍ ശബ അവര്‍ക്ക് ചിരപരിചിതമാണ്. രണ്ടാമതായി, ബിഅ്ര്‍ ശബ വെള്ളക്കിണറുകള്‍കൊണ്ട് സമൃദ്ധമാണ്. ആ കിണറുകളില്‍ പലതും ബൈബിള്‍പ്രകാരം ഹാഗാറിന്റെ ഭര്‍ത്താവായ അബ്രഹാം പണി കഴിപ്പിച്ചതുമാണ്. ബിഅ്ര്‍ എന്ന വാക്കിനുതന്നെ അര്‍ത്ഥം കിണര്‍ എന്നാണ്. ബിഅ്ര്‍ ശബ എന്നാല്‍ ഏഴ് കിണറുകള്‍ (അറബിയില്‍ ബിഅ്ര്‍ അസ്സബ്അ്) എന്നോ കരാര്‍ പ്രകാരമുള്ള കണറുകള്‍ എന്നോ ആണ്. ജലസംഭരണികള്‍ സമൃദ്ധമായിരുന്നതുകൊണ്ടാണ് ബിഅ്ര്‍ ശബ ആ പേരില്‍ അറിയപ്പെടാന്‍ ഇടയായത് (www.bible-archeology.info/bible-city-beershaba.html).

തനിക്ക് ചിരപരിചിതമായിരുന്ന, ജലസ്രോതസ്സുകളുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഒരു പ്രദേശത്ത് ഹാജറ കുഞ്ഞിനെ മരണവക്കില്‍ കിടത്തി വെള്ളത്തിനുവേണ്ടി കരയുക എന്നത് മനസ്സിലാക്കുവാന്‍ പ്രയാസമുള്ള കാര്യമാണ്. ബൈബിളെഴുത്തുകാരന്‍ ഉദ്ദേശിച്ചിരിക്കാന്‍ സാധ്യത ഇതാണ്: ബിഅ്ര്‍ ശബയില്‍ നിന്നാണ് ഹാജര്‍ പ്രയാണമാരംഭിച്ചത്. ആ പ്രയാണം അവരെ അപരിചിതവും ജലശൂന്യവുമായ മറ്റൊരു മരുപ്രദേശത്തെത്തിച്ചു. ഉല്‍പത്തി പുസ്തകത്തിലെ 21-ാം അധ്യായത്തിലെ പതിനാലാം വചനം പലായനത്തിന്റെ തുടക്കത്തില്‍ ബിഅ്ര്‍ ശബയില്‍ സംഭവിച്ച കാര്യത്തിലേക്കും 15 മുതല്‍ 21 വരെയുള്ള വചനങ്ങള്‍ മറ്റൊരു മരുഭൂമിയില്‍ നടന്ന സംഭവങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നതാകാനാണ് സാധ്യതയുള്ളതെന്ന് ചുരുക്കം. ആ മരുഭൂമിയെയാണ് വചനങ്ങളുടെ കര്‍ത്താവ് പാറാന്‍ എന്നു വിളിക്കുന്നത്.

കുഞ്ഞിന്റെ കരച്ചില്‍കേട്ട് ദൈവം സവിശേഷദാനമായി സൃഷ്ടിച്ച വെള്ളക്കിണറാണ് പാറാന്റെ അടയാളമായി ഉല്‍പത്തി പുസ്തകം പറയുന്നതെന്ന് നാം കണ്ടു. ഹാജറിന്റെ മനോവ്യഥക്കും ഇശ്മയേലിന്റെ നിലവിളിക്കും പരിഹാരമായി ദിവ്യകാരുണ്യത്തില്‍ നിന്ന് ഉറവയെടുത്ത സംസം കിണര്‍ നിലനില്‍ക്കുന്ന മക്കയല്ലാതെ മറ്റേതാണീ പ്രദേശം? മറ്റൊരു നാട്ടിലും ഇത്തരമൊരു ജലപ്രവാഹമുണ്ടായതായി ബൈബിളില്‍ എവിടെയും പറയുന്നില്ല. ഹാഗാര്‍ പാലായനം ചെയ്തത് മക്കയിലേക്കല്ലെന്ന് ബൈബിളുപയോഗിച്ച് സമര്‍ത്ഥിക്കുവാനാകില്ലെന്ന് ചുരുക്കം. ബൈബിളിനെ കണ്ണുമടച്ച് വിശ്വസിക്കുന്നവര്‍ക്കുമാത്രമേ ബൈബിള്‍ വിവരണങ്ങളുടെ മാത്രം വെളിച്ചത്തിലുള്ള ചരിത്രാഖ്യാനത്തെ അംഗീകരിക്കാന്‍ കഴിയൂ എന്ന് നാം നേരത്തെ പറഞ്ഞു. എന്നാല്‍ ബൈബിളിനുപോലും ഇല്ലാത്ത വാദങ്ങള്‍ ബൈബിളിനുമേല്‍ കെട്ടിവെച്ച് ഇശ്മയേലിനെ മക്കയില്‍ നിന്ന് ‘തള്ളിപ്പുറത്താക്കാന്‍’ ശ്രമിക്കുന്ന മിഷനറിമാര്‍ എന്തു വൈജ്ഞാനിക സത്യസന്ധതയാണ് പുലര്‍ത്തുന്നത്?
https://www.snehasamvadam.org/
Getting Info...

إرسال تعليق

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.