RTF Malayalam App Update Now

ഹദീസ് പ്രമാണമോ ? നമുക്ക് ഖുർആൻ പോരേ ?

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated



ഹദീസുകളുടെപ്രാമാണികത .

Part 1. ഹദീസ് നിഷേധം കുഫ്റാണ്.

ആശയപരമായി ഇസ്ലാമിനെ തകർക്കാനായും സാധാരണക്കാരായ വിശ്വാസികൾക്കിടയിൽ സംശയങ്ങൾ ജനിപ്പിക്കാനും ഇസ്ലാമിൻറെ ശത്രുക്കൾ ഏറ്റവും ആദ്യം ആക്രമിക്കുന്നത് ഹദീസുകളെ ആണ്. ഹദീസുകളിൽ സംശയം ജനിപ്പിച്ചാൽ അതുവഴി ആളുകളെ വഴി പിഴപ്പിക്കാമെന്ന് പിശാചിനും ഇക്കൂട്ടർക്കും നന്നായി അറിയാം. മതത്തിൽ വലിയ ധാരണ ഇല്ലാത്ത സാധാരണക്കാർ പലരും ഇത്തരക്കാരുടെ പ്രചരണങ്ങളിൽ പെട്ടു പോകുന്നുണ്ട് എന്നത് വാസ്തവമാണ്.


ഹദീസ് നിഷേധം മതനിഷേധ, ജബ്രായിസത്തിലേക്കുള്ള ഒരു ഇടത്താവളം മാത്രമാണ്. ഇന്നത്തെ ഹദീസ് നിഷേധി നാളത്തെ ജബ്രയാണ് എന്നതാണ് വാസ്തവം. ചേകന്നൂർ മൗലവിയും ജാമിദയുമൊക്കെ തുടക്കത്തിൽ ഹദീസ് നിഷേധികൾ ആയിരുന്നു. ഹദീസ് നിഷേധികൾ ഖുർആൻറെ വക്താക്കളായി കൊണ്ടാണ് സ്വയം അവതരിപ്പിക്കാറുള്ളത്. ഖുർആൻ മതി ഹദീസ് വേണ്ട എന്നതാണ് ഇവരുടെ നിലപാട്. മിക്ക ജബ്രകളുടെയും തുടക്കം ഹദീസ് നിഷേധത്തിൽ നിന്നാണ്.


യഥാർത്ഥത്തിൽ ഹദീസ് നിഷേധം കുഫ്ർ (അവിശ്വാസം) ആണ് അഥവാ ഹദീസ് നിഷേധി കാഫിർ ആണ് , ഇസ്ലാമിൽ നിന്നും പുറത്താണ്, അവിശ്വാസിയാണ്. ഹദീസ് നിഷേധികൾക്ക് ഇസ്ലാമിൽ സ്ഥാനമേയില്ല.


മുഹമ്മദ് നബി (സ) ഇസ്ലാം മതം ആയി പഠിപ്പിച്ച വാക്കുകൾ, പ്രവർത്തികൾ, അംഗീകാരം എന്നിവയാണ് ഹദീസുകൾ അല്ലെങ്കിൽ സുന്നത്ത് എന്നറിയപ്പെടുന്നത്. ഇവ അല്ലാഹുവിൽ നിന്നുള്ള ദൈവിക വെളിപാട് അഥവാ വഹിയ് ആണ് അല്ലാതെ മുഹമ്മദ് നബിയുടെ സ്വന്തം അഭിപ്രായങ്ങൾ അല്ല എന്നതാണ് ഇസ്‌ലാമിക വിശ്വാസം.
وَمَا يَنطِقُ عَنِ ٱلْهَوَىٰٓ
അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.
إِنْ هُوَ إِلَّا وَحْىٌۭ يُوحَىٰ
അത്‌ അദ്ദേഹത്തിന്‌ ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.
(Surat:53, Verse: 3,4)


അതുകൊണ്ടുതന്നെ ഒരാൾ സഹീഹായ ഹദീസുകൾ നിഷേധിച്ചാൽ അവൻ അല്ലാഹുവിൽ നിന്നുള്ള ദിവ്യ സന്ദേശത്തെ ആണ് നിഷേധിക്കുന്നത് , മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെ ആണ് നിഷേധിക്കുന്നത്. ഇത് മതനിഷേധം ആണെന്ന് പറയേണ്ടതില്ലല്ലോ.


ഹദീസുകൾ ആശയം അല്ലാഹുവിൽനിന്നുള്ളതും വചനങ്ങൾ മുഹമ്മദ് നബിയുടേതുമാണ്, എന്നാൽ ഖുർആൻ ആശയങ്ങളും വചനങ്ങളും അല്ലാഹുവിൽ നിന്നുള്ളതാണ് എന്ന് മാത്രം. മതനിയമങ്ങൾ ഖുർആനിൽ വന്നതായാലും ഹദീസുകളിൽ വന്നതായാലും ഒരേ പരിഗണന തന്നെയാണ് , വ്യത്യാസമില്ല.


فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًۭا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًۭا
ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത്‌ പൂര്‍ണ്ണമായി സമ്മതിച്ച്‌ അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല.
(Surat:4, Verse:65)


ഹദീസ് നിഷേധികളെ പറ്റി പൂർവകാല ഇമാമുമാർ പറഞ്ഞത് കാണാം.


ഇമാം ഇസ്ഹാക്ക് ബ്ൻ റാഹവൈഹി (റ) പറയുന്നു.
من بلغه عن رسول الله صلى الله عليه وسلم خبرٌ يُقرُّ بصحته ثم رده بغير تقية فهو كافر


"റസൂൽ (സ) പറഞ്ഞതാണ് എന്നുറപ്പുള്ള സ്വഹീഹായ ഒരു കാര്യം ഒരാൾ കേൾക്കുകയും എന്നിട്ടും അതിനെ നിഷേധിക്കുകയും ചെയ്താൽ (ജീവാപായ ഭയത്താലല്ലാതെ) അവൻ കാഫിർ ആയി ".


ഇമാം സുയൂത്വി (റ) പറയുന്നു:
اعلموا رحمكم الله أنَّ مَن أنكر كون حديث النبي صلى الله عليه وسلم - قولا كان أو فعلا بشرطه المعروف في الأصول - حجة كفر ، وخرج عن دائرة الإسلام ، وحشر مع اليهود والنصارى أو من شاء من فرق الكفرة "


നീ മനസ്സിലാക്കുക; അള്ളാഹു നിനക്ക് കാരുണ്യം ചൊരിയട്ടെ: " ഉസൂലുൽ ഹദീസിന്റെ നിബന്ധനകൾ ഒത്ത (സ്വഹീഹ്), പ്രവാചകൻ (സ) പറഞ്ഞതോ പ്രവർത്തിച്ചതോ ആയ ഒരു ഹദീസ് വല്ലവനും നിഷേധിച്ചാൽ അവൻ കാഫിറായിത്തീർന്നു : ഇസ്ലാമിക വൃത്തത്തിൽ നിന്ന് അവൻ പുറത്തു പോയി. (മരണാനന്തര ജീവിതത്തിൽ ) അവൻ യഹൂദ , ക്രിസ്ത്യാനികളുടെയോ അല്ലാഹു ഉദ്ദേശിച്ച മറ്റു അവിശ്വാസികളുടെ കൂടെയോ ആയിരിക്കും ഒരുമിച്ചു കൂട്ടപ്പെടുക."

ഹദീസുകളുടെപ്രാമാണികതPart 2.

അള്ളാഹു മുഹമ്മദ് നബിക്ക് ഇറക്കി കൊടുത്ത വിജ്ഞാനമാണ് ഹദീസ് . അതിൻറെ സംരക്ഷണ ബാധ്യത അല്ലാഹു ഏറ്റെടുത്തതാണ്.
-------------------------------------------------------------
മുഹമ്മദ് നബിക്ക് വേദഗ്രന്ഥമായ ഖുർആന് പുറമേ മറ്റൊരു ജ്ഞാനം കൂടി അല്ലാഹു അവതരിപ്പിച്ചു നൽകിയിട്ടുണ്ട് എന്ന് ഖുർആൻ ആവർത്തിച്ച് വ്യക്തമാക്കുന്നു. ഈ ജ്ഞാനം പ്രവാചക അധ്യാപനങ്ങൾ അഥവാ ഹദീസുകൾ അല്ലാതെ മറ്റൊന്നും ആവാൻ വഴിയില്ല തന്നെ.


... وَأَنزَلَ ٱللَّهُ عَلَيْكَ ٱلْكِتَٰبَ وَٱلْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ ۚ وَكَانَ فَضْلُ ٱللَّهِ عَلَيْكَ عَظِيمًۭا
... അല്ലാഹു നിനക്ക്‌ വേദവും ജ്ഞാനവും അവതരിപ്പിച്ച്‌ തരികയും, നിനക്ക്‌ അറിവില്ലാതിരുന്നത്‌ പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്‍റെ മേലുള്ള അല്ലാഹുവിന്‍റെ അനുഗ്രഹം മഹത്തായതാകുന്നു.
(Surat:4, Verse:113)


هُوَ ٱلَّذِى بَعَثَ فِى ٱلْأُمِّيِّۦنَ رَسُولًۭا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَٰلٍۢ مُّبِينٍۢ
അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക്‌ വായിച്ചുകേള്‍പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക്‌ വേദഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ്‌ വ്യക്തമായ വഴികേടിലായിരുന്നു.
(Surat:62, Verse:2)


2:231, 3:164, 33:34 എന്നിങ്ങനെ ഒരുപാട് ഖുർആൻ ആയത്തുകളിൽ അല്ലാഹു വേദഗ്രന്ഥമായ ഖുർആൻ അല്ലാത്ത മറ്റൊരു വിജ്ഞാനം കൂടി നബിക്ക് നൽകിയത് വ്യക്തമാക്കുന്നു.


ഈ കാര്യം തന്നെ മുഹമ്മദ് നബിയും വ്യക്തമാക്കിയത് കാണാൻ കഴിയും.
മിഖ്ദാദ് (റ) നിവേദനം: പ്രവാചകൻ പറഞ്ഞു: "അറിയുക എനിക്ക് വേദഗ്രന്ഥവും അതിനോടൊപ്പം അതുപോലുള്ള മറ്റൊന്നും നൽകപ്പെട്ടിരിക്കുന്നു. അറിയുക എനിക്ക് ഖുർആനും അതിൻറെ കൂടെ അതുപോലുള്ള മറ്റൊന്നും നൽകപ്പെട്ടിരിക്കുന്നു. " (മുസ്നദ് അഹ്മദ്).


തൻറെ കാലശേഷം സ്വീകരിക്കേണ്ട നിലപാട് എന്താണെന്ന് കൂടി പഠിപ്പിച്ചു കൊണ്ടാണ് മുഹമ്മദ് നബി ലോകത്ത് നിന്നും വിടവാങ്ങിയത്. "ഞാൻ നിങ്ങളിൽ രണ്ടു കാര്യങ്ങൾ വിട്ടുപോകുന്നു. അവ നിങ്ങൾ മുറുകെ പിടിച്ചാൽ നിങ്ങൾ വഴിപിഴയ്ക്കുകയില്ല. അല്ലാഹുവിൻറെ കിതാബും എൻറെ സുന്നത്തുമാണവ" (മുവത്വ, ബൈഹഖി, ഹാകിം)


മുഹമ്മദ് നബിയിലൂടെ അവതരിക്കപ്പെട്ട അല്ലാഹുവിൻറെ ഉൽബോധനം ലോകാവസാനം വരെ സംരക്ഷിക്കപ്പെടും എന്ന് അല്ലാഹു വാഗ്ദാനം ചെയ്തതാണ്. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഇത് ഖുർആനെപ്പറ്റി മാത്രമാണ് എന്നാണ്. എന്നാൽ ഖുർആൻ മാത്രമല്ല, ഖുർആൻറെ ഭാഷയായ അറബിയും , ഖുർആൻറെ വിശദീകരണമായ പ്രവാചക വചനങ്ങളും അഥവാ ഹദീസും , അതിൽ അറിവു നേടിയ പണ്ഡിതന്മാരും , അത് വിശദീകരിക്കുന്ന ഗ്രന്ഥങ്ങളും , അങ്ങിനെ അല്ലാഹുവിൻറെ ഉൽബോധനം ലോകാവസാനംവരെ നിലനിർത്താനാവശ്യമായ എല്ലാത്തിനെയും അള്ളാഹു സംരക്ഷിക്കും എന്നതാണ് അതിൻറെ വിവക്ഷ. മുൻ പ്രവാചകന്മാർക്ക് നൽകപ്പെടാത്ത ഒരു സവിശേഷ അനുഗ്രഹമാണ് മുഹമ്മദ് നബിയുടെ ഉമ്മത്തിന് അല്ലാഹു വാഗ്ദാനം ചെയ്തത്.


إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَٰفِظُونَ
തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌.
(Surat:15, Verse:9)


ഖുർആൻ നമുക്ക് വിശദീകരിച്ച് തന്നത് മുഹമ്മദ് നബിയിലൂടെ അല്ലാഹു തന്നെയാണ്. ആ വിശദീകരണമാണ് ഹദീസ് . ഹദീസുകളുടെ സംരക്ഷണം അല്ലാഹു ബാധ്യത ഏറ്റെടുത്ത കാര്യം ആണ് എന്ന് മനസ്സിലാക്കുക.
إِنَّ عَلَيْنَا جَمْعَهُۥ وَقُرْءَانَهُۥ
فَإِذَا قَرَأْنَٰهُ فَٱتَّبِعْ قُرْءَانَهُۥ
ثُمَّ إِنَّ عَلَيْنَا بَيَانَهُۥ
തീര്‍ച്ചയായും അതിന്‍റെ ( ഖുര്‍ആന്‍റെ ) സമാഹരണവും അത്‌ ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത്‌ ഓതിത്തന്നാല്‍ ആ ഓത്ത്‌ നീ പിന്തുടരുക. പിന്നീട്‌ അതിന്റെ വിശദീകരണവും നമ്മുടെ ബാധ്യതയാകുന്നു.
(Surat:75, Verse:17-19).


അപ്പോൾ ഖുർആനിൻറെ സമാഹരണവും അതിൻറെ വിശദീകരണം ആയ പ്രവാചക ചര്യയുടെ സംരക്ഷണവും അല്ലാഹു സ്വയം ബാധ്യത ഏറ്റെടുത്ത കാര്യമാണ് എന്ന് വ്യക്തമായി. അപ്പോൾ ഖുർആൻ പോലെ ഹദീസുകൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്നുള്ള സംശയം തികച്ചും അസ്ഥാനത്താണ്.

ഹദീസുകളുടെപ്രാമാണികത
Part 3.



ഖുർആൻ സംരക്ഷിക്കപ്പെട്ട പോലെ ഹദീസുകൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടുണ്ടോ ?
--------------------------------------------------------
ഖുർആൻ സംരക്ഷിക്കപ്പെട്ട പോലെ ഹദീസുകൾ സംരക്ഷിക്കപ്പെട്ടിട്ടില്ല എന്നും പ്രവാചകൻറെ മരണ ശേഷം 300 വർഷങ്ങൾക്കുശേഷമാണ് ഹദീസ് ക്രോഡീകരിക്കപ്പെട്ടത് അത് കൊണ്ടു തന്നെ അവ വിശ്വസനീയമല്ല എന്നും ഹദീസ് നിഷേധികൾ ആരോപിക്കുന്നു ! സാധാരണക്കാരായ പല മുസ്ലിങ്ങളും ഈ ആരോപണങ്ങൾ ശരിയാണ് എന്ന് ധരിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം!. നമുക്ക് വസ്തുതകൾ പരിശോധിക്കാം.


ഖുർആൻ പഠിക്കുന്ന അതേ സൂക്ഷ്മതയോടെ പ്രവാചകചര്യയും സഹാബികൾ സ്വായത്തമാക്കി. മതകാര്യത്തിൽ വഹിയ് അനുസരിച്ച് അല്ലാതെ ഒന്നും മൊഴിയാത്ത
മുഹമ്മദ് നബിയുടെ ജീവിതത്തിൽ ഉടനീളം സഹാബിമാർ ഒപ്പമുണ്ടായിരുന്നു. നബിയുടെ നടത്തം, ഇരുത്തം, സംസാരം, മര്യാദകൾ, ഉപദേശങ്ങൾ, നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, യുദ്ധ മര്യാദകൾ, കച്ചവട മര്യാദകൾ, ഭക്ഷണ മര്യാദകൾ എന്നിങ്ങനെ സകല കാര്യങ്ങളും അവർ സസൂക്ഷ്മം ഒപ്പിയെടുത്തു. കുടുംബ ജീവിതത്തിലെ ഇടപെടലുകൾ നബിയുടെ ഭാര്യമാരിൽ നിന്നും അവർ ചോദിച്ചു മനസ്സിലാക്കി. ഇങ്ങനെ അടിമുടി ജീവിതം പൂർണമായി റെക്കോർഡ് ചെയ്യപ്പെട്ട മറ്റൊരു മനുഷ്യനും ലോകത്തില്ല.


വളരെ താൽപര്യത്തിലും ആവേശത്തിലും ആയിരുന്നു അവർ ഹദീസുകൾ സ്വായത്തമാക്കിയത്. ചിലർ ഊഴമിട്ട് ഒരുദിവസം ജോലിക്ക് പോകും ഒരു ദിവസം പ്രവാചക സന്നിധിയിൽ വന്നു മതം പഠിക്കും. ഉമർ (റ) പറയുന്നു: "ഞാനും ഉമയ്യത്ത് ബ്നു സൈദിനെ സന്തതികളിൽ പെട്ട എൻറെ ഒരു അയൽക്കാരനും റസൂലിന്റെ (സ) അടുക്കൽ ചെയ്യുന്നതിന് ഊഴം നിശ്ചയിച്ചിരുന്നു ഒരുദിവസം അദ്ദേഹം ചെല്ലും ഒരു ദിവസം ഞാൻ ചെല്ലും. ഞാൻ പോകുമ്പോൾ അന്നത്തെ വർത്തമാനം ഞാൻ അദ്ദേഹത്തിന് പറഞ്ഞുകൊടുക്കും അദ്ദേഹം പോകുമ്പോൾ അദ്ദേഹവും അങ്ങനെ ചെയ്യും".


ഇങ്ങനെ പ്രവാചക ജീവിതത്തിൽ നിന്നും നേരിട്ട് പഠിച്ച ഈ ജ്ഞാനത്തിൽ യാതൊരുവിധ കളവോ അബദ്ധവും കടന്നു കൂടാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. " എന്നെക്കുറിച്ച് ബോധപൂർവം ആരെങ്കിലും നുണ പറയുകയാണെങ്കിൽ അയാൾ നരകത്തിൽ ഒരു ഇരിപ്പിടം തയ്യാറാക്കി കൊള്ളട്ടെ" എന്ന പ്രവാചകവചനമാണ് അവരെ അത്രമാത്രം സൂക്ഷ്മത പാലിക്കാൻ പ്രേരിപ്പിച്ചത്.


പ്രവാചക കാലശേഷം ഈ ജ്ഞാനത്തിൽ നിന്ന് ഒന്നുപോലും നഷ്ടപ്പെടാതിരിക്കാൻ സഹാബികൾ അത്യധ്വാനം ചെയ്തു. ജാബിർ ബിൻ അബ്ദുല്ല പറയുന്നു: നബിയുടെ സഹാബികളിൽ ഒരാളുടെ അടുക്കൽ ഞാൻ കേട്ടിട്ടില്ലാത്ത ഒരു ഹദീസ് ഉണ്ടെന്ന വിവരം എനിക്ക് കിട്ടി. ഞാൻ ഒരു ഒട്ടകത്തെ വാങ്ങി സാമാനങ്ങൾ അതിനു മുകളിൽ കെട്ടി യാത്രയായി . ഒരു മാസം കഴിഞ്ഞ് ഞാൻ ഞാൻ ശാമിൽ (സിറിയ) എത്തി. ആ സഹാബി അൻസാരിയായ അബ്ദുല്ലാഹിബിന് ഉനൈസ് ആയിരുന്നു. ഞാൻ പറഞ്ഞു: "അതിക്രമത്തെക്കുറിച്ച് ഞാൻ കേൾക്കാത്ത ഒരു ഹദീസ് നിങ്ങൾ റസൂലിൽ നിന്ന് കേട്ടിട്ടുണ്ട് എന്നറിഞ്ഞു. അപ്പോൾ അത് നിങ്ങളിൽ നിന്ന് കേൾക്കുന്നതിനുമുമ്പായി ഞാൻ മരണപ്പെടുകയോ നിങ്ങൾ മരണപ്പെടുകയോ ചെയ്തേക്കാം എന്ന് ഞാൻ ഭയപ്പെട്ടു ". (അതുകൊണ്ടാണ് ഒരുമാസം യാത്ര ചെയ്തത് ഞാൻ താങ്കളെ കാണാൻ വന്നത് ). (അദബുൽ മുഫ്റദ് , അഹ്മദ് , ബൈഹഖി)


മൂന്നാം ഖലീഫയായിരുന്ന ഉസ്മാൻറെ (റ) കാലഘട്ടത്തിൽ ജൂതൻ ആയിരുന്ന അബ്ദുല്ലാഹിബ്നു സബഅ് എന്ന വ്യക്തി താൻ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട് എന്ന് കപടമായി അവകാശപ്പെട്ടു കൊണ്ട് രംഗത്തുവന്നു. ഇയാളും കൂട്ടാളികൾ ആയ കപടന്മാരും മുസ്ലീങ്ങളെ വഴിതെറ്റിക്കുവാൻ ആയി മുഹമ്മദ് നബി (സ) യുടെ പേരിൽ ധാരാളം വ്യാജ ഹദീസുകൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട അന്നത്തെ പണ്ഡിതന്മാർ വ്യാജ ഹദീസുകൾ സ്വീകരിക്കരുത് എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തു. അങ്ങനെയാണ് ഹദീസിൻറെ സ്വീകാര്യത ഉറപ്പുവരുത്തുന്ന ഹദീസ് നിയമങ്ങൾ അഥവാ ഉസൂലുൽ ഹദീസ് രൂപംകൊണ്ടത്. ഹദീസ് റിപ്പോർട്ട് ചെയ്യുന്ന ആൾ അത് ആരിൽനിന്ന് കേട്ടു എന്നത് പ്രവാചകൻ വരെ എത്തുന്ന നിവേദക പരമ്പരയിലെ മുഴുവൻ ആളുകളും 100% വിശ്വസ്തരും നല്ല ഓർമശക്തി ഉള്ളവരും നേരിട്ട് കേട്ടവരും പൂർണ്ണ സത്യസന്ധരും നിവേദനം ചെയ്യുമ്പോൾ തെറ്റുപറ്റാത്തവരും ദൈവഭയം ഉള്ളവരും ആണ് എന്ന് എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഹദീസ് സ്വീകാര്യയോഗ്യമായത് അഥവാ സഹീഹ് ആവുകയുള്ളൂ. ഇത്തരത്തിൽ ഹദീസ് റിപ്പോർട്ട് ചെയ്യുന്ന വ്യക്തികളെ കുറിച്ച് അവരുടെ പൂർണ്ണമായ വ്യക്തിവിവരങ്ങൾ പരിശോധിക്കുന്ന വൈജ്ഞാനിക ശാഖ - ഇൽമുർ രിജാൽ - കൂടി അവർ രൂപപ്പെടുത്തി.

ഹദീസുകളുടെപ്രാമാണികത
Part 4.



ഖുർആൻ സംരക്ഷിക്കപ്പെട്ട പോലെ ഹദീസുകൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടുണ്ടോ ? മുൻ ലേഖനത്തിന്റെ തുടർച്ച..
----------------------------------------------------------------
മുഹമ്മദ് നബിക്കും അന്നത്തെ കാലത്ത് ജീവിച്ചിരുന്ന വലിയൊരു വിഭാഗം ജനങ്ങൾക്കും എഴുത്തും വായനയും അറിയില്ലായിരുന്നു. വാമൊഴി ആയിരുന്നു പ്രധാന വിദ്യാഭ്യാസ രീതി. നേരിട്ട് കേട്ട് ഓതി പഠിച്ചു ഖുർആനും ഹദീസുകളും ഒക്കെ അവർ മനപ്പാഠമാക്കി, അതേപടി അടുത്ത തലമുറയിലേക്ക് കൈമാറി.


എഴുത്തും വായനയും അറിയുന്ന ചില സഹാബിമാർ ഖുർആൻ ആയത്തുകളും ഹദീസുകളും എഴുതി വെക്കാറുണ്ടായിരുന്നു. ഖുർആൻ വചനങ്ങളും ഹദീസുകളും തമ്മിൽ കൂടി കലരരുത് എന്ന് നിർബന്ധം ഉള്ളതിനാൽ 'ഖുർആൻ അല്ലാതെ മറ്റൊന്നും തന്നെ തന്നിൽ നിന്നും എഴുതി സൂക്ഷിക്കരുത്' എന്ന് ആദ്യകാലത്ത് നബി (സ) വിലക്കിയിരുന്നുവെങ്കിലും പ്രത്യേക സന്ദർഭങ്ങളിൽ എഴുതി വക്കാൻ നിർദ്ദേശിച്ചതു കാണാൻ കഴിയും. ഉദാഹരണമായി മക്കാവിജയ കാലത്ത് മക്കയുടെ പവിത്രതയെ കുറിച്ച് നബി (സ) നടത്തിയ ഒരു പ്രഭാഷണം തനിക്ക് എഴുതി തരണമെന്ന് യമൻ കാരനായ അബു ശാഹ് ആവശ്യപ്പെട്ടതായും അദ്ദേഹത്തിന് അത് എഴുതി കൊടുക്കാൻ നബി നിർദ്ദേശിച്ചതായും കാണാം. (ബുഖാരി, മുസ്ലിം).


ചില സഹാബികൾക്ക് ഹദീസുകൾ എഴുതിവെക്കാൻ പ്രവാചകൻ അനുമതി കൊടുത്തിട്ടുണ്ട്. അബ്ദുല്ലാഹിബിന് അംറുബ്നു ആസ്(റ)ന് പ്രവാചകൻ ഇത്തരത്തിൽ അനുമതി നൽകിയിരുന്നു. (അബൂദാവൂദ്, അഹ്മദ്), അദ്ദേഹം ഹദീസുകൾ എഴുതി സൂക്ഷിച്ചിരുന്നു (ബുഖാരി). എന്നാലും വാമൊഴി തന്നെയായിരുന്നു പ്രധാന രീതി.


പിൽക്കാലത്ത് കപടവിശ്വാസികൾ നബി പറഞ്ഞതാണെന്ന് അവകാശപ്പെട്ടു വ്യാജ ഹദീസുകൾ നിർമ്മിക്കുന്ന അവസ്ഥ ഉണ്ടായപ്പോൾ ഹദീസുകൾ എഴുതി ക്രോഡീകരിക്കണം എന്ന് വിശ്വാസികൾക്ക് തോന്നിത്തുടങ്ങി. രണ്ടാം ഖലീഫ ഉമറിന്റെ (റ) ഭരണകാലത്ത് ഇത്തരമൊരു ശ്രമം നടത്താൻ അദ്ദേഹം ആഗ്രഹിച്ചെങ്കിലും ഖുർആൻ വചനങ്ങളും ഹദീസുകളും തമ്മിൽ കൂടിക്കലർന്നു പോകുമോ എന്ന ഭയം കാരണം അത് ഉപേക്ഷിച്ചതായി ചരിത്രത്തിൽ കാണാം.


എന്നാൽ ഈ രംഗത്ത് ക്രിയാത്മകമായ ഒരു ഇടപെടൽ നടന്നത് രണ്ടാം ഉമർ എന്നറിയപ്പെടുന്ന ഉമറിനു അബ്ദുൽ അസീസിന്റെ (റ) ഭരണ കാലത്താണ് . മദീനയിലെ ന്യായാധിപൻ ആയ ആയ അബൂബക്കർ ബിനു ഹസമിന് അദ്ദേഹം എഴുതി: "റസൂലിൽ (സ) നിന്നുള്ള ഹദീസുകൾ താങ്കൾ നോക്കുകയും എഴുതി രേഖപ്പെടുത്തുകയും ചെയ്യണം. കാരണം അറിവ് തേഞ്ഞു മാഞ്ഞു പോകുന്നതും ജ്ഞാനികൾ കാലം കഴിഞ്ഞു പോകുന്നതും ഞാൻ ഭയപ്പെടുന്നു. അല്ലാഹുവിൻറെ റസൂലിൽ നിന്നുള്ള ഹദീസുകൾ അല്ലാതെ മറ്റൊന്നും സ്വീകരിക്കരുത്. അറിവ് പകർന്നു കൊടുക്കുകയും അറിവില്ലാത്തവരെ പഠിപ്പിക്കുകയും ചെയ്യുക. ജ്ഞാനംഎല്ലാവരും രഹസ്യം ആക്കുമ്പോൾ അല്ലാതെ നശിക്കുകയില്ല". (ഫത്ഹുൽ ബാരി). ഉമർ ബിൻ അബ്ദുൽ അസീസിന്റെ നിർദ്ദേശപ്രകാരം മദീനയിലെ സഹാബികളിൽ നിന്നും താബിഉകളിൽ നിന്നും അബൂബക്കർ ബിൻ ഹസം ഹദീസുകൾ ശേഖരിച്ചു.


അതുപോലെ ഇസ്ലാമിക രാഷ്ട്രത്തിൻറെ വിവിധഭാഗങ്ങളിലേക്ക് ഹദീസുകൾ ശേഖരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഉമറുബ്നു അബ്ദുൽ അസീസ് കത്തുകൾ അയച്ചിരുന്നു, ഇങ്ങനെ ശേഖരിക്കപ്പെട്ട ഹദീസുകൾ ക്രോഡീകരിച്ചത് ഇമാം സുഹ്‌രി ആയിരുന്നു.


അതുപോലെ ഹിജ്റ 150 അന്തരിച്ച ഇമാം അബ്ദുൽ മലിക് ബിൻ അബ്ദുൽ അസീസ് ബ്നു ജുറൈജ് മക്കയിലും ഹിജ്റ 157 ൽ അന്തരിച്ച ഇമാം സഈദ് ബ്നു അബീ അറൂബ മെസപ്പൊട്ടേമിയയിലും ഹിജ്റ 159 ൽ അന്തരിച്ച ഇമാം മുഹമ്മദ് അബ്ദുറഹിമാൻ മദീനയിലും, അബു അംറിൽ ഔസായി സിറിയയിലും ഹിജ്റ 160 ൽ അന്തരിച്ച ഇമാം സൈദുബ്നു ഖുദാമയും ഇമാം സുഫിയാനു സ്സൗരിയും കൂഫയിലും ഹിജ്റ 165 ൽ അന്തരിച്ച ഇമാം മുഹമ്മദ് സല ബസറയിലും ഹദീസുകൾ ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തതായി രേഖകൾ ഉണ്ട് .


താബിഈ പണ്ഡിതന്മാർ ചിലർ ഹദീസുകൾ എഴുതി സൂക്ഷിച്ചതിന്റെ ചില ചരിത്രങ്ങൾ മാത്രമാണ് പറഞ്ഞത്. എന്നാൽ നേരത്തെ സൂചിപ്പിച്ച പോലെ അപ്പോഴും പ്രധാന പഠനരീതി വാമൊഴി വിദ്യാഭ്യാസമായിരുന്നു. എഴുതി സൂക്ഷിക്കേണ്ടത് ഒരു വലിയ ആവശ്യമായി അന്നത്തെ ആളുകൾ കരുതിയിരുന്നില്ല.


സഹാബികളുടെയും താബിഉകളുടെയും കാലത്തിനു ശേഷമുള്ള അടുത്ത തലമുറകൾ ആയപ്പോഴേക്ക് ഇസ്ലാമിക സമൂഹത്തിലെ കൂടുതൽ കൂടുതൽ പേർ എഴുത്തും വായനയും അഭ്യസിക്കാൻ തുടങ്ങി. വാമൊഴിയെ പോലെ തന്നെ വരമൊഴി വിദ്യാഭ്യാസ രീതിക്കും പ്രാധാന്യമേറി വന്നു. സഹാബികളുടെയും താബിഉകളുടെയും കാലത്തുതന്നെ ആരംഭിച്ച ഹദീസുകൾ എഴുതിവച്ച് സൂക്ഷിക്കുന്ന രീതി അടുത്ത തലമുറകളിൽ കൂടുതൽ വിപുലമായ രീതിയിൽ ആകാൻ തുടങ്ങി.


ഹിജ്റ 93 ജനിച്ച , അനസുബ്നു മാലിക്(റ) എന്ന സ്വഹാബിയുടെ പുത്രനായ ഇമാം മാലിക് (റ) എന്ന് എന്ന പണ്ഡിതൻറെ ഹദീസ് സമാഹാര ഗ്രന്ഥമാണ് മുവത്വ. സമകാലീനരായ ഇമാം ഇബ്നു തുറൈബിന്റെയും ഇമാം സുഫിയാനു സ്സൗരിയുടെയും ഹദീസ് സമാഹാര ഗ്രന്ഥങ്ങൾ അഥവാ മുസന്നഫുകളിലും ഇത് പോലെ ധാരാളം ഹദീസുകൾ എഴുതി ക്രോഡീകരിക്കപ്പെട്ടു. അക്കാലത്ത് ക്രോഡീകരിക്കപ്പെട്ട ഹദീസ് സമാഹരണ ഗ്രന്ഥങ്ങളിൽ ഏറ്റവും വലുത് 11 വാള്യങ്ങളുള്ള ഇമാം അബ്ദുറസാഖ് സൻആനിയുടെ മുസന്നഫ് ആയിരുന്നു. ഇദ്ദേഹത്തിൻറെ ശിഷ്യൻ ഇമാം അബൂബക്കർ ഇബ്നു അബീ ശൈബക്കും സ്വന്തമായി ഹദീസ് ക്രോഡീകരിച്ച ഗ്രന്ഥം അഥവാ മുസന്നഫ് ഉണ്ടായിരുന്നു.


പ്രശസ്തമായ 4 ഇസ്ലാമിക കർമശാസ്ത്ര മദ്ഹബുകളുടെ ഇമാമുകൾ- ഇമാം അബൂഹനീഫ , ഇമാം മാലിക്, ഇമാം ഷാഫിഈ, ഇമാം അഹ്മദ് ബ്നു ഹമ്പൽ എന്നിവരെല്ലാം ആയിരക്കണക്കിന് ഹദീസുകൾ മനഃപാഠമുള്ളവരായിരുന്നു. പല ഗ്രന്ഥങ്ങളിൽ ആയി അവ രേഖപ്പെട്ടു കിടക്കുന്നുമുണ്ട്. ഇതിൽ ഇമാം മാലികിൻറെ മുവത്വയും ഇമാം അഹ്മദ് ബിൻ ഹമ്പലിൻറെ മുസ്നദും ഹദീസ് ക്രോഡീകരിച്ച ഗ്രന്ഥങ്ങൾ ആയിരുന്നു. മുസ്നദ് അഹ്മദിൽ മാത്രം 27,700 ഹദീസുകളുണ്ട്. ഏഴരലക്ഷം ഹദീസുകളിൽനിന്നും സനദുകൾ കൃത്യമായി പരിശോധിച്ച് അരിച്ച് വേർതിരിച്ചാണ് ഇമാം ഈ ഹദീസുകൾ തിരഞ്ഞെടുത്തത്.


അപ്പോൾ ചില വിവരദോഷികൾ ധരിച്ചതുപോലെ ഹദീസ് ക്രോഡീകരണം നബി (സ)മരിച്ച് മുന്നൂറ് വർഷങ്ങൾക്കു ശേഷം തുടങ്ങിയ പരിപാടിയല്ല. മുഹമ്മദ് നബിയുടെ കാലത്ത് തന്നെ സഹാബികൾ തുടക്കമിട്ടതും പിൻഗാമികൾ തുടർന്നതുമായ കാര്യം മാത്രമാണ് അത്. വാമൊഴിയിലൂടെ മനപ്പാഠമാക്കിയത് ജനങ്ങൾ കൂടുതൽ പേർ എഴുത്തും വായനയും അഭ്യസിച്ചപ്പോൾ അടുത്ത തലമുറകൾ എഴുതി സൂക്ഷിച്ചു എന്ന് മാത്രമേയുള്ളൂ. ഖുർആൻ ക്രോഡീകരിക്കപ്പെട്ട അതേ രീതി തന്നെ.


ഖുർആൻ ക്രോഡീകരിച്ചു എന്നതിനർത്ഥം വാമൊഴി രൂപത്തിൽ ഉണ്ടായിരുന്ന ഖുർആൻ ഒരു പുസ്തകരൂപത്തിൽ ആക്കി എന്നു മാത്രമാണ്. ഖുർആൻ ക്രോഡീകരിക്കുന്നതിന് മുമ്പും ഖുർആൻ അതേപടി നിലവിലുണ്ട്. ഖുർആൻ പുസ്തകരൂപത്തിൽ ക്രോഡീകരിച്ചതിനുശേഷവും സഹാബികളും താബിഉകളും ഒന്നും ആ പുസ്തകം നോക്കിയല്ല ഖുർആൻ പഠിച്ചത്. വാമൊഴി രൂപത്തിൽ ഓതി പഠിക്കുക തന്നെയായിരുന്നു.


ഇതേ സംഗതി മാത്രമാണ് ഹദീസുകളുടെ കാര്യത്തിലും സംഭവിച്ചത്. ഒരുദാഹരണം പറഞ്ഞാൽ ഇന്നത്തെ ന്യൂജനറേഷൻ ആളുകൾ പുസ്തകങ്ങൾ വായിക്കുന്നത് ഡിജിറ്റൽ ആയി കംപ്യൂട്ടറിലും ടാബ്‌ലറ്റിലും മൊബൈലിലും ഒക്കെ ആണ്. പഴയ പുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറിയത് പോലെ ആദ്യ കാലത്ത് വാമൊഴിയിലൂടെ മനപ്പാഠം പഠിച്ചിരുന്ന ഹദീസുകൾ അടുത്ത തലമുറകളിൽ ഗ്രന്ഥരൂപത്തിൽ എഴുതി ക്രോഡീകരിക്കപ്പെട്ടു എന്ന് മാത്രം.
Getting Info...

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.