ആഗ്രഹങ്ങളില്‍നിന്നും ഇഛകളില്‍നിന്നും വികാരങ്ങളില്‍നിന്നും സ്വന്തത്തെ തടഞ്ഞുനിര്‍ത്തുക, പതിവു ചിട്ടകളില്‍നിന്നും ആസ്വാദനങ്ങളില്‍നിന്നും മനസ്സിനെയും ദേഹത്തെയും സ്വതന്ത്രമാക്കുക, സൗഭാഗ്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും ഉന്നതി എത്തിപ്പിടിക്കാനും ശാശ്വത ജീവിതത്തെ സ്ഫുടം ചെയ്‌തെടുക്കാനുമുള്ള വൈകാരികവും മാനസികവുമായ ശക്തി ആര്‍ജിക്കുക, അഗതികളായ സഹജീവികളുടെ അവസ്ഥകള്‍ ഓര്‍മിക്കുംവിധം വിശപ്പിന്റെയും ദാഹത്തിന്റെയും മൂര്‍ച്ചയും കാഠിന്യവും മനസ്സിലാക്കുക… ഇതെല്ലാമാണ് നോമ്പിന്റെ ലക്ഷ്യമായി പ്രവാചക ജീവിതമാതൃകയില്‍ നമുക്ക് കാണാനാവുക.
തീറ്റയും കുടിയും കുറക്കുന്നതിലൂടെ നോമ്പ് മനുഷ്യരില്‍ പിശാചിന് സ്വാധീനിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കും. അവയവങ്ങളെ നിയന്ത്രിക്കുന്നതിലൂടെ തെറ്റുകളിലേക്ക് ചായാനുള്ള അവയുടെ പ്രകൃതിയെ നിയന്ത്രിക്കാനാകുന്നു. ഇഹത്തിലും പരത്തിലും ഉപദ്രവങ്ങളായിത്തീരുന്ന കാര്യങ്ങള്‍ തടയപ്പെടുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളും അടങ്ങിയൊതുങ്ങി നില്‍ക്കുകയും എല്ലാ അതിരുകടക്കലുകളെയും തടയുന്ന തരത്തില്‍ അവയെ കടിഞ്ഞാണിടുകയും ചെയ്യുന്നു. നോമ്പ് സൂക്ഷ്മാലുക്കളുടെ കടിഞ്ഞാണാണ്, പോരാളികളുടെ പരിചയാണ്. സല്‍സ്വഭാവികളുടെയും ദൈവസാമീപ്യം സിദ്ധിച്ചവരുടെയും വിനോദവുമാണ്.
മറ്റെല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും വ്യത്യസ്തമായി നോമ്പ് വിധാതാവിന് മാത്രമുള്ളതാണ്. ഒരു നോമ്പുകാരന്‍ ചെയ്യുന്നതെല്ലാം അവന്റെ റബ്ബിനു വേണ്ടി മാത്രമാണ്. തന്റെ വികാരങ്ങളും വിചാരങ്ങളും ഭക്ഷണപാനീയങ്ങളും ഉപേക്ഷിക്കുന്നത് അവന്റെ മാത്രം പ്രീതി ഉദ്ദേശിച്ചാണ്. അല്ലാഹുവിന്റെ സ്‌നേഹത്തിനും പ്രീതിക്കും മുന്‍ഗണന നല്‍കി, സ്വന്തത്തിനും മനസ്സിനും ഇഷ്ടപ്പെട്ട കാര്യങ്ങളെയും അവയുടെ ആനന്ദങ്ങളെയും ഉപേക്ഷിക്കലാണ് നോമ്പ്. അത് വിധാതാവിനും അടിമക്കും ഇടയിലുള്ള രഹസ്യമാണ്; മറ്റൊരാള്‍ക്കും അത് കാണാനാവില്ല.
*നോമ്പ് കൊണ്ട് ലക്ഷ്യം നേടാത്തവർ:*
ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: "നിങ്ങള്‍ക്ക് നോമ്പ് കല്‍പിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ഉദാഹരണം ഒരു യാത്രാസംഘത്തില്‍ കസ്തൂരിയടങ്ങിയ ഭാണ്ഡവുമായി യാത്രചെയ്യുന്നവനെ പോലെയാണ്. അവര്‍ക്കെല്ലാവര്‍ക്കും അതിന്റെ സുഗന്ധം അനുഭവിക്കാം. നോമ്പിന്റെ മണം അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയേക്കാള്‍ പരിശുദ്ധമാണ്." ഇവിടെ പ്രവാചകന്‍ നോമ്പിനെ ഭാണ്ഡത്തിനുള്ളിലെ കസ്തൂരിയോടാണ് ഉപമിക്കുന്നത്. ഭാണ്ഡത്തിനുള്ളില്‍ മറക്കപ്പെട്ട കസ്തൂരി സഹയാത്രികര്‍ക്ക് ആര്‍ക്കും കാണാനാവില്ല. എന്നാല്‍ അവര്‍ക്ക് അനുഭവിക്കാനാവും. അതുപോലെയാണ് നോമ്പുകാരനും. അവന്റെ നോമ്പ് ആളുകള്‍ക്ക് കാണാനാവില്ല. പഞ്ചേന്ദ്രിയങ്ങള്‍ക്ക് അനുഭവിക്കാനുമാവില്ല. എന്നാല്‍ അതിന്റെ ഗുണങ്ങളും ഫലങ്ങളും ചുറ്റുമുള്ളവര്‍ക്കും അനുഭവിക്കാനാകും, നോമ്പുകാരന്റെ പ്രവൃത്തികളിലൂടെ.
ആരുടെ അവയവങ്ങള്‍ തിന്മകളില്‍നിന്നും, നാവ് കള്ളങ്ങളില്‍നിന്നും മ്ലേഛസംസാരങ്ങളില്‍നിന്നും, വയറ് തീറ്റയില്‍നിന്നും കുടിയില്‍നിന്നും, ശരീരം വികാരങ്ങളില്‍നിന്നും വിട്ടുനില്‍ക്കുന്നുവോ അവനാണ് നോമ്പുകാരന്‍. അവന്‍ സംസാരിക്കുകയാണെങ്കില്‍ തന്റെ നോമ്പിനെ പരിക്കേല്‍പ്പിക്കുന്നതൊന്നും സംസാരിക്കില്ല. നോമ്പിനെ ഇല്ലാതാക്കുന്നതൊന്നും അവന്‍ ചെയ്യില്ല. അവന്‍ സംസാരിക്കുന്ന ഓരോ വാക്കും ഉപകാരമുള്ളതും നല്ലതുമായിരിക്കും. അതുപോലെയാകും അവന്റെ പ്രവൃത്തികളും. ഇതെല്ലാം ഒരു കസ്തൂരി കച്ചവടക്കാരന്റെ കൂട്ടുകാരന് അവനില്‍നിന്ന് ലഭിക്കുന്ന അനുഭവങ്ങള്‍ പോലെയാണ്. അവന്റെ കൂടെയിരിക്കുന്നതുകൊണ്ട് ആളുകള്‍ക്ക് പ്രയോജനം മാത്രമേ ഉണ്ടാവൂ. ചീത്തയും കള്ളവും അധര്‍മവും അക്രമവും ഒരിക്കലും അവനില്‍നിന്ന് ഭയപ്പെടേണ്ടതായി വരില്ല.
ഇതാണ് അല്ലാഹു നിര്‍ബന്ധമാക്കിയ യഥാര്‍ഥ നോമ്പ്. അല്ലാതെ വെറും അന്നപാനീയങ്ങളുടെ വെടിയലല്ല അത്. അതുകൊണ്ടാണ് "ആരെങ്കിലും അസത്യവാക്യങ്ങളും പ്രവൃത്തികളും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒരു നിര്‍ബന്ധവുമില്ല" എന്ന് പ്രവാചകന്‍ പഠിപ്പിച്ചത്. മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: "എത്രയെത്ര നോമ്പുകാരാണ്, അവരുടെ നോമ്പ് അവര്‍ക്ക് വിശപ്പും ദാഹവുമല്ലാതെ ഒന്നും നല്‍കുന്നില്ല!"
നോമ്പ് അവയവങ്ങളുടെ തെറ്റുകളില്‍നിന്നുള്ള നോമ്പാണ്. അതോടൊപ്പം ഭക്ഷണപാനീയങ്ങളില്‍നിന്നുള്ള വയറിന്റെ നോമ്പുമാണ്. അപ്പോള്‍ ഭക്ഷണവും വെള്ളവും നോമ്പിനെ ഇല്ലാതാക്കുന്നതുപോലെ തെറ്റുകള്‍ അതിന്റെ പ്രതിഫലം ഇല്ലാതാക്കുകയും ഫലങ്ങള്‍ ചീത്തയാക്കുകയും ചെയ്യും. അപ്പോള്‍ അവന്‍ നോമ്പെടുക്കാത്തവനെ പോലെയായിത്തീരും.

Getting Info...