ദൈവം ഏകനോ, അതോ പലതോ?
⌨⌨⌨⌨⌨⌨⌨⌨
✅ദൈവനിഷേധം പോലെത്തന്നെ അബദ്ധമാണ് ബഹുദൈവവിശ്വാസവും. ലോകത്ത് ഒന്നിലധികം ദൈവങ്ങളുണ്ടാവുകയും അവർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയും ചെയ്തിരുന്നെങ്കിൽ ഈ പ്രപഞ്ചം തന്നെ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. ഈ പ്രപഞ്ചത്തിന്റെ അസ്തിത്വവും അതിൽ നമ്മൾ കാണുന്ന ക്രമവുമെല്ലാം ദൈവം ഏകനാണെന്നതിന്റെ തെളിവുകളാണ്.
"ഒന്നിലധികം ദൈവങ്ങളുണ്ടോ?" എന്ന ചോദ്യത്തിനുള്ള ഉത്തരം “ഇല്ല” എന്നുതന്നെയാണ്. “എന്തുകൊണ്ട് അങ്ങനെ?” എന്ന് നിങ്ങൾ ചിന്തിച്ചേക്കാം; നമുക്ക് പരിശോധിക്കാം. രണ്ടു ദൈവങ്ങൾ എന്ന ബഹുദൈവാരാധനയുടെ ഏറ്റവും ലളിതമായ അവസ്ഥ നമുക്കെടുക്കാം. ഈ രണ്ട് ദൈവങ്ങളും ഏതെങ്കിലും ഒരു വിഷയത്തിൽ തീരുമാനമെടുക്കുകയാണെങ്കിൽ ഇനിപ്പറയുന്ന മൂന്ന് സാഹചര്യങ്ങളിലൊന്ന് തീർച്ചയായും ഉടലെടുക്കും.
*സാഹചര്യം 1: രണ്ട് ദൈവങ്ങളും ഒരു വിഷയത്തിൽ 'വിയോജിക്കുന്നു':*
ഒരു വിഷയത്തിൽ രണ്ട് ദൈവങ്ങളും വിയോജിക്കുമ്പോൾ ആ വിഷയവുമായി ബന്ധപ്പെട്ട ഒരു കാര്യവും നടക്കുകയില്ല.
പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെ സംബന്ധിച്ച് ഈ ദൈവങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെങ്കിൽ ഈ പ്രപഞ്ചം തന്നെ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം നേരിടുന്ന ലളിതമായ പ്രശ്നങ്ങൾ പോലും അവരുടെ അഭിപ്രായവ്യത്യാസത്തിനും അതുവഴി കുഴപ്പങ്ങൾക്കും കാരണമായേനെ.
ഉദാഹരണത്തിന്, ഒരു ഹിന്ദുവും മുസ്‌ലിമും ഒരു ഒഴിവ് മാത്രമുള്ളൊരു ജോലിക്ക് അപേക്ഷിക്കുന്നു; ജോലിക്കായി ഇരുവരും തങ്ങളുടെ ദൈവങ്ങളോട് പ്രാർത്ഥിക്കുന്നു. ഹിന്ദുക്കൾക്കും മുസ്‌ലിങ്ങൾക്കും തങ്ങളുടേതായ വ്യത്യസ്ത ദൈവങ്ങളുണ്ടെങ്കിൽ ആർക്കാണ് ജോലി ലഭിക്കുക? ഹിന്ദു ദൈവം ഹിന്ദുവിനും മുസ്‌ലിം ദൈവം മുസ്‌ലിമിനും ജോലി നൽകാൻ തീരുമാനിച്ചാൽ ആ ദൈവങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം കാരണം ഒരാൾക്കും ജോലി ലഭിക്കില്ല.
ലോകത്ത് വിവിധ മതങ്ങളിൽപ്പെട്ട ആളുകൾ കണക്കറ്റ പ്രാർത്ഥനകൾ നടത്തുന്നുണ്ട്. അനേകം ദൈവങ്ങൾ ഉണ്ടായിരുന്നെങ്കിൽ ആ ദൈവങ്ങൾക്കിടയിൽ കോടിക്കണക്കിന് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുകയും, അത് സമ്പൂർണ്ണ അരാജകത്വത്തിലേക്കും നാശത്തിലേക്കും നയിക്കുകയും ചെയ്യുമായിരുന്നു.
അല്ലാഹു പറയുന്നത് കാണുക: "ആകാശലോകത്തും ഭൂമിയിലും അല്ലാഹുവിനെക്കൂടാതെ വേറെ ദൈവങ്ങളുണ്ടായിരുന്നുവെങ്കില്‍, രണ്ടിന്റെയും സംവിധാനം താറുമാറാകുമായിരുന്നു…" (ഖുർആൻ 21:22)
*സാഹചര്യം 2: രണ്ട് ദൈവങ്ങളും എല്ലാ വിഷയത്തിലും 'യോജിക്കുന്നു':*
രണ്ട് ദൈവങ്ങളും എല്ലായ്‌പ്പോഴും എല്ലാ പ്രശ്‌നങ്ങളിലും യോജിക്കുന്നുവെങ്കിൽ നമുക്ക് രണ്ട് ദൈവങ്ങളുടെ ആവശ്യകത എന്താണ്? ഉദാഹരണത്തിന് ഒരു രാജ്യത്തിന് എല്ലായ്പോഴും ഒരേപോലെ ചിന്തിക്കുന്ന, ഒരേ കഴിവുകളുള്ള, ഒരേ അധികാരമുള്ള, ഒരേ തീരുമാനമെടുക്കുന്ന, രണ്ട് പ്രധാനമന്ത്രിമാരുടെ ആവശ്യമുണ്ടോ? എന്ത് പ്രയോജനമാണ് അത് നൽകുക?
ലോകത്ത് നടക്കുന്ന അസംഖ്യം പ്രശ്‌നങ്ങളിൽ, മുകളിൽപറഞ്ഞ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ, വിയോജിപ്പും സംഘർഷവുമില്ലാതെ എല്ലാ ദൈവങ്ങളും എല്ലാ വിഷയങ്ങളിലും യോജിക്കുന്നതായി അനുമാനിക്കേണ്ടി വരും. ഇത് അസാധ്യമാണെന്ന് മാത്രമല്ല, എല്ലാ വിഷയങ്ങളിലും യോജിക്കുന്ന നിരവധി ദൈവങ്ങളുടെ സാന്നിധ്യം പ്രത്യേകിച്ച് ഒരു പ്രയോജനവും ഉണ്ടാക്കുകയുമില്ല.
*സാഹചര്യം 3: ഒരു ദൈവം മറ്റൊരു ദൈവത്തിന്റെ തീരുമാനത്തിന് 'കീഴൊതുങ്ങുന്നു':*
ഒരു ദൈവം മറ്റൊരു ദൈവത്തിന്റെ തീരുമാനത്തെ അംഗീകരിക്കുകയും അതിന് കീഴ്‌പ്പെടുകയും ചെയ്യുന്നുവെങ്കിൽ, ആ രണ്ടു ദൈവങ്ങളും തുല്യരല്ലെന്ന് വരും. അതായത്, രണ്ടാമൻ കൂടുതൽ ശക്തനും പ്രബലനുമായ ദൈവമാണെന്നും, അതുകൊണ്ടുതന്നെ ഒന്നാമൻ യഥാർത്ഥത്തിൽ ‘ദൈവം’ ആകാൻ അർഹനല്ലെന്നും പറയേണ്ടിവരും.
ഈ സാഹചര്യം ബഹുദൈവങ്ങൾ എന്ന ആശയത്തിൽ പ്രയോഗിച്ചാൽ, മറ്റെല്ലാ ദൈവങ്ങളും ഏകദൈവത്തിന്റെ തീരുമാനത്തിന് കീഴൊതുങ്ങുന്നതായി നമുക്ക് കാണാം. അതിനാൽ, “ദൈവങ്ങൾ" എന്ന് വിളിക്കപ്പെടുന്നവർ യഥാർത്ഥത്തിൽ ദൈവങ്ങളല്ല, കാരണം അവർ അധീനപ്പെട്ടവരും ഒരു യഥാർത്ഥ പരമോന്നത ദൈവത്തിന്റെ ഇഷ്ടത്തിന് കീഴ്പ്പെട്ടവരുമാകുന്നു.
ഇതുതന്നെയാണ് ഇസ്‌ലാം അടിസ്ഥാനപരമായി പഠിപ്പിക്കുന്നത്: "ആകാശഭൂമികളിലുള്ളവരൊക്കെയും ആ കരുണാവാരിധിയുടെ സമക്ഷത്തില്‍ അടിമകളായി വരേണ്ടവരാകുന്നു." (ഖുർആൻ 19:93)
*സംഗ്രഹം:*
ഈ പ്രപഞ്ചത്തിന്റെ അസ്തിത്വവും അതിൽ നമ്മൾ കാണുന്ന ക്രമവുമെല്ലാം കാര്യങ്ങളെല്ലാം നിയന്ത്രിച്ച് പരിപാലിക്കുന്നത് ഒരേയൊരു ദൈവമാണ് എന്നതിന്റെ നിഷേധിക്കാനാവാത്ത തെളിവുകളാണ്.
അതുകൊണ്ടുതന്നെയാണ് അല്ലാഹു പറയുന്നത്: "നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ." (ഖുർആൻ 2:163)
Getting Info...