പര്‍ദ്ദയും അര്‍ത്ഥശൂന്യ വിമര്‍ശനങ്ങളും
✅വാദം 1: പര്‍ദ്ദ സ്ത്രീയുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ തടയുന്നു!*
ഇസ്‌ലാം സ്ത്രീയോട് ‘ഹിജാബ്’ ധരിക്കാനാണ് പറഞ്ഞത്; പര്‍ദ്ദ ധരിക്കാനല്ല. സ്ത്രീയുടെ മുഖവും മുൻകൈയും ഒഴിച്ചുള്ള ശരീരഭാഗങ്ങള്‍ മറയുന്നതും നിമ്നോന്നതങ്ങളെ പ്രകടിപ്പിക്കാത്തതും, അയവുള്ളതും, മറ്റുള്ളവരില്‍ കാമം ഉണര്‍ത്തുന്ന തരത്തിലല്ലാത്തതുമായ ഏതു വസ്ത്രവും ‘ഹിജാബ്’ ആണ്. ഹിജാബിന് ഒരു ഉദാഹരണമാണ് പര്‍ദ്ദ. മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കുന്ന മറ്റുതരം വസ്ത്രങ്ങളും ഹിജാബ് തന്നെ.
ഈ വ്യവസ്ഥകള്‍ കൂടി ഒഴിവാക്കിക്കൊണ്ടുള്ള സ്വാതന്ത്ര്യമാണ് വിമര്‍ശകര്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ അവര്‍ ഉത്തരം പറയേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട്. വസ്ത്രധാരണ സ്വാതന്ത്ര്യത്തിന്റെ പരിധിയെത്രയാണ്? എന്താണ് അതിന്റെ മാനദണ്ഡം? വസ്ത്രം ധരിക്കാതെ പൊതുസ്ഥലത്ത് കൂടി നടക്കാനുള്ള സ്വാതന്ത്ര്യവും അതില്‍ പെടുമോ? ഇല്ലെങ്കില്‍ അത് വ്യക്തിയുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ തടയലല്ലേ?
*വാദം 2: സ്ത്രീ വെറും ശരീരമാണെന്ന് ഓര്‍മിപ്പിക്കുന്ന വസ്ത്രമാണ് പർദ്ദ!*
നേരെ തിരിച്ചാണ് വസ്തുത. സ്ത്രീ വെറും ശരീരമോ ആസ്വാദനവസ്തുവോ പ്രദര്‍ശന വസ്തുവോ അല്ലെന്നും ശരീരമല്ലാത്ത സ്ത്രീയെ പുരുഷന്മാര്‍ കാണണമെന്നും ഓര്‍മിപ്പിക്കുന്ന ഒന്നാണ് ഹിജാബ്.
സ്ത്രീയെ വെറും ശരീരമാക്കുന്നത് ബിക്കിനിയും സെക്സിയായ വസ്ത്രവുമാണ്. പുരുഷന് ആസ്വദിക്കാനും പുരുഷനെ ആകര്‍ഷിക്കാനും ഉള്ള ഒരു പ്രദര്‍ശനവസ്തുവാക്കി മാറ്റുന്നു അത്തരം വസ്ത്രങ്ങള്‍. നിര്‍ഭാഗ്യവശാല്‍ അത് പുരോഗമനവും ഹിജാബ് അപരിഷ്കൃതവും ആയിട്ടാണ് വിമര്‍ശകര്‍ കാണുന്നത്.
*വാദം 3: അവസരം കിട്ടിയാല്‍ പര്‍ദ്ദ ഒഴിവാക്കാൻ സ്ത്രീകൾ ആഗ്രഹിക്കുന്നില്ലേ?*
പര്‍ദ്ദ ധരിച്ചുനടക്കുന്ന സ്ത്രീകളൊക്കെ പുരുഷന്മാരുടെ നിര്‍ബന്ധം കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് ആരാണ് വിമര്‍ശകരോട് പറഞ്ഞത്? ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായാല്‍ തന്നെ അത് സാമാന്യവല്ക്കരിക്കുന്നത് ശരിയല്ല. അവസരം കിട്ടിയാല്‍ ഉപേക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന വസ്ത്രത്തില്‍ ഹിജാബ് മാത്രമല്ല, സാരിയും ചുരിദാറും പോലെ ഇതരവസ്ത്രങ്ങളും കാണും.
ഏതായാലും, ഹിജാബ് ഇസ്‌ലാമിനെയും അതിന്റെ നിയമങ്ങളെയും അംഗീകരിക്കുന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. അത് സര്‍വാത്മനാ സ്വീകരിച്ചവര്‍ മാത്രമേ ഹിജാബും സ്വീകരിക്കേണ്ടതുള്ളൂ. അതില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രശ്നമില്ല. അടിച്ചേല്‍പ്പിക്കുന്നത് ഇസ്ലാമികവുമല്ല.
*വാദം 4: കന്യാസ്ത്രീകള്‍ പ്രത്യേക ജീവിതരീതി സ്വീകരിച്ചവരായതുകൊണ്ട് അവരുടെ വേഷവുമായി പര്‍ദ്ദയെ താരതമ്യം ചെയ്യരുത്!*
ഈ ന്യായങ്ങള്‍ അര്‍ത്ഥശൂന്യമാണ്. കന്യാസ്ത്രീകള്‍ ഒരു പ്രത്യേക ജീവിതരീതി പിന്തുടരുന്നവര്‍ ആണെങ്കില്‍ മുസ്ലിം സ്ത്രീകളും ഒരു ആദര്‍ശജീവിതരീതി പിന്തുടരുന്നവര്‍ ആണ്. ദൈവത്തിന്റെ വിധിവിലക്കുകള്‍ പാലിക്കുമെന്ന് തീരുമാനിച്ചവര്‍. ശരീരം തുറന്നുകാട്ടി ഒരു പ്രദര്‍ശനവസ്തുവാകാന്‍ തയ്യാറാവില്ല എന്ന് തീരുമാനിച്ചവര്‍. അതുകൊണ്ട് അവര്‍ ഹിജാബ് സ്വീകരിക്കുന്നു.
*വാദം 5: നായ നമ്മെ കടിക്കും എന്നുണ്ടെങ്കില്‍ നമ്മള്‍ കെട്ടിയിടുക നായയെയാണ്; മനുഷ്യരെയല്ല!*
സ്ത്രീയോട് മാന്യമായി വസ്ത്രം ധരിക്കാന്‍ പഠിപ്പിച്ച ഇസ്‌ലാം പുരുഷനോട് അവന്റെ കണ്ണുകള്‍ താഴ്ത്താനും പറഞ്ഞിട്ടുണ്ട്. സ്ത്രീക്കും പുരുഷനും നിയന്ത്രണവും നിയമവുമുണ്ട് ഇസ്‌ലാമിൽ.
നായയെ വെച്ചുള്ള ഉപമയുടെ പൊള്ളത്തരം ആര്‍ക്കും അനായാസം മനസ്സിലാവും. നായയുടെ കടിയേൽക്കാതിരിക്കാൻ അതിന്റെ അടുത്ത് പോയി കടിക്കാന്‍ അവസരം കൊടുക്കാതിരിക്കുകയോ നായയെ കെട്ടിയിടുകയോ ചെയ്യാം. വിമർശകർക്ക് പക്ഷെ ആദ്യത്തേത് ഒട്ടും പറ്റില്ല; നായയെ കെട്ടിയിട്ടോളൂ, കടിക്കാന്‍ പാകത്തിന് ഞങ്ങള്‍ ചെന്നുകൊടുക്കും എന്നാണ് അവരുടെ നിലപാട്! ഏതായാലും, ആത്മസുരക്ഷക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കുകയാണ് ബുദ്ധിയുള്ള ഏതൊരാളും ആദ്യം ചെയ്യുക.
*വാദം 6: പര്‍ദ്ദ ധരിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് പറയുന്ന സ്ത്രീകള്‍ ചങ്ങലയെ സ്നേഹിക്കുന്ന അടിമയെപ്പോലെയാണ്!*
വിമര്‍ശകരുടെ തനിനിറം ഇതിലൂടെ വെളിപ്പെടുന്നു. സ്ത്രീവര്‍ഗത്തോടുള്ള സ്നേഹമല്ല, അന്ധമായ ഇസ്‌ലാം വിരോധം മാത്രമാണ് ഇവര്‍ക്കുള്ളത്. സ്ത്രീ സ്വന്തം ഇഷ്ടപ്രകാരമാണ് ഹിജാബ് ധരിക്കുന്നതെന്ന് തുറന്നു പറയാന്‍ തുടങ്ങിയപ്പോള്‍ ഇക്കൂട്ടര്‍ക്ക് ഹാലിളകി. അതിന്റെ ഭാഗമായി കാണിക്കുന്ന കരണംമറിച്ചിലാണിത്.
"ഞാന്‍ മരിച്ചിട്ടില്ല" എന്ന് പറഞ്ഞ ഭര്‍ത്താവിനോട് "നിങ്ങള്‍ മരിച്ചെന്നു നിങ്ങളെക്കാള്‍ വിവരമുള്ള ഡോക്ടര്‍ പറഞ്ഞല്ലോ" എന്ന ഭാര്യയുടെ മറുപടിയെ അനുസ്മരിപ്പിക്കുന്നു ഇവരുടെ ജല്‍പ്പനങ്ങള്‍ എന്ന് മാത്രമേഇതിനെകുറിച്ച് പറയാനുള്ളൂ.