✅അന്ധവിശ്വാസങ്ങളെയും ശകുനം നോക്കുന്നതിനെയുമൊക്കെ വിലക്കുന്ന ഒരു ജീവിതദർശനമാണ് യഥാർത്ഥത്തിൽ ഇസ്‌ലാം. ഒരു മുസ്‌ലിം എപ്പോഴും എന്തിനെയും പോസിറ്റീവായി സമീപിക്കുന്ന ഒരു ശുഭാപ്തിവിശ്വാസിയായിരിക്കും. തനിക്ക് ഇഷ്ടമില്ലാത്ത വല്ലതും സംഭവിക്കുമ്പോൾ പോലും, അത് സ്രഷ്ടാവായ അല്ലാഹുവിന്റെ തീരുമാനമാണെന്നും അവന്റെ ഇച്ഛയാണെന്നും അവൻ ഉറച്ചു വിശ്വസിക്കുന്നു. കരുണാവാരിധിയായ ദൈവം നമുക്ക് വിധിക്കുന്ന, പ്രത്യക്ഷത്തിൽ മോശമാണെന്ന് നമ്മൾ കരുതുന്ന കാര്യങ്ങളിൽ പോലും നന്മയുണ്ടാകും എന്നതാണ് യാഥാർഥ്യം; പക്ഷേ, നമ്മുടെ ദുർബലമായ ചിന്തകൾക്ക് പലപ്പോഴും അവയിലെ നന്മയും ലോജിക്കും ഉൾക്കൊള്ളാൻ കഴിയാറില്ലെന്നുമാത്രം!
ശകുനത്തിലുള്ള വിശ്വാസത്തെ തള്ളിക്കളയുന്ന ഒരു ഹദീസ് ശ്രദ്ധിക്കുക: ഇബ്‌നു അബ്ബാസ് ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: "എന്റെ അനുയായികളിൽ എഴുപതിനായിരം പേർ കണക്കില്ലാതെ സ്വർഗത്തിൽ പ്രവേശിക്കും, അവർ അർ-റുഖ്യ അനുഷ്ഠിക്കാത്തവരും ശകുനം നോക്കാത്തവരുമാണ്; പകരം എല്ലാം അവരുടെ രക്ഷിതാവിൽ ഭരമേൽപ്പിക്കുകയാണ് അവർ ചെയ്യുക” (സ്വഹീഹ് ബുഖാരി: വാല്യം 8, പുസ്തകം 76, ഹദീസ് 479)
ശകുനങ്ങളെ സംബന്ധിച്ച ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം ഇതാണ്. എന്നാൽ ഒരു സ്ത്രീയിലോ വീട്ടിലോ കുതിരയിലോ ദുശ്ശകുനം ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്ന ഒരു പ്രവാചക വചനവുമുണ്ട്. ഇബ്‌നു ഉമർ പറഞ്ഞു: പ്രവാചകൻ പറഞ്ഞു: "എന്തിലെങ്കിലും നിങ്ങൾ ദുശ്ശകുനം കാണുന്നുണ്ടെങ്കിൽ അത് വീടിലും സ്ത്രീയിലും കുതിരയിലുമാണ്." (ബുഖാരി: 5094, മുസ്‌ലിം: 2252)
ഈയൊരു ഹദീസ് സ്ത്രീ വിരുദ്ധമാണെന്ന് ഒരാൾ വാദിക്കുകയാണെങ്കിൽ, ഇത് വീടുകൾക്കും കുതിരകൾക്കും കൂടെ വിരുദ്ധമാണെന്ന് പറയേണ്ടിവരും! എന്നാൽ പ്രവാചകൻ ഗൃഹ-വിരുദ്ധനോ കുതിര-വിരുദ്ധനോ ആണെന്ന് ഒരു വിമർശകനും അഭിപ്രായമില്ല. അപ്പോൾ പിന്നെ ഈ ഹദീസിന്റെ ഉദ്ദേശ്യം മറ്റൊന്നാണെന്ന് തീർച്ച! ഏതായാലും, ഈ ഹദീസിനെക്കുറിച്ചും ശകുനം നോക്കുന്നതിനെതിരെയുള്ള പ്രവാചകവചനങ്ങളുമായി അവയെ എങ്ങനെ പൊരുത്തപ്പെടുത്താമെന്നും പണ്ഡിതന്മാർ വിശദീകരിച്ചത് നമുക്ക് പരിശോധിക്കാം:
അശുഭസൂചനകളിലുള്ള (ദുശ്ശകുനം) എല്ലാത്തരം വിശ്വാസങ്ങളും അപലപിക്കപ്പെടുമെന്നും, അല്ലാഹുവിന്റെ അനുമതിയില്ലാതെ ഒരു തരത്തിലുമുള്ള സ്ത്രീകൾക്കോ വീടുകൾക്കോ മൃഗങ്ങൾക്കോ ദോഷം വരുത്താനോ നേട്ടമുണ്ടാക്കാനോ കഴിയില്ല എന്നതുമാണ് ശരിയായ ഇസ്‌ലാമിക വീക്ഷണം. ഒരു വ്യക്തി മോശമായ സ്വഭാവമുള്ള ഒരു ഇണയോ, സൗകര്യങ്ങളില്ലാത്ത ഒരു വീടോ, ആരോഗൃമില്ലാത്ത ഒരു കുതിരയോ കാരണം പരീക്ഷിക്കപ്പെടാം; എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ദൈവ വിശ്വാസം നഷ്ടപ്പെട്ട് നിരാശയിലേക്കും അതുവഴി അന്ധവിശ്വാസങ്ങളിലേക്കും പോകേണ്ടതില്ല; മറിച്ച് അവയൊക്കെ ദൈവത്തിന്റെ പരീക്ഷണങ്ങളാണെന്ന് തിരിച്ചറിയുകയും, യഥാർത്ഥ പ്രശ്‍നങ്ങൾക്കുള്ള പരിഹാരം തേടുകയുമാണ് വേണ്ടതെന്നാണ് ഇത്തരം വചനങ്ങളിലൂടെ ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നത്.
പണ്ഡിതനായ ഇബ്‌നുൽ-ഖയ്യിം പറഞ്ഞു: “ഇവ മൂന്നും ദുശ്ശകുനങ്ങളായി കണക്കാക്കുന്നത് അതിൽ വിശ്വസിക്കുന്നവരെ മാത്രമേ ബാധിക്കുകയുള്ളൂ. അല്ലാഹുവിൽ ഭരമേൽപിക്കുകയും ശകുനങ്ങളിലും അന്ധവിശ്വാസങ്ങളിലും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവനെ അതൊന്നും ബാധിക്കുകയില്ല. ‘ഒരു ദുശ്ശകുനം അതിൽ വിശ്വസിക്കുന്നവനെ മാത്രമേ ബാധിക്കുകയുള്ളൂ’ എന്ന അനസിന്റെ ഹദീസും ഇതാണ് സൂചിപ്പിക്കുന്നത്.
എന്നാൽ, ഒരു വ്യക്തി അല്ലാഹുവിന് പകരം മറ്റെന്തിനെയെങ്കിലും ഭയപ്പെടുന്നുവെങ്കിൽ, അത് അവന്റെ മേൽ നിയന്ത്രണം നേടുകയും അവൻ അതിൽ പരീക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇത് നമ്മുടെ നിത്യജീവിതത്തിൽ തന്നെ നമ്മൾ പലപ്പോഴും അനുഭവിച്ചതാണ്, കൂടുതൽ തെളിവുകൾ വിവരിക്കേണ്ട ആവശ്യമില്ല.
പലതരത്തിലുള്ള അന്ധവിശ്വാസങ്ങളും തോന്നലുകളും നമുക്കൊക്കെ ഉണ്ടാകാറുണ്ട്. എന്നാൽ, ശരിയായ വിശ്വാസി അല്ലാഹുവിൽ വിശ്വാസമർപ്പിച്ച് ഇത്തരം അന്ധവിശ്വാസങ്ങളെ മറികടക്കുന്നു. ദൈവത്തിൽ ഭരമേൽപിക്കുന്നവന് ദൈവം തന്നെ മതിയാകും, അവനു പിന്നെ മറ്റാരുടെയും മറ്റൊന്നിന്റെയും ഒരു സഹായവും ആവശ്യമുണ്ടാവില്ല.
അതുകൊണ്ടുതന്നെ, വീടുകൾ, സ്ത്രീകൾ, കുതിരകൾ എന്നിവയെ സംബന്ധിച്ച അന്ധവിശ്വാസം (ദുശ്ശകുനം) അവയിൽ വിശ്വസിക്കുന്നവരെ മാത്രമേ ബാധിക്കുകയുള്ളൂ; അല്ലാഹുവിൽ ഭരമേൽപിക്കുകയും അവനെ മാത്രം ഭയപ്പെടുകയും ദുശ്ശകുനങ്ങളിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവനെ സംബന്ധിച്ചിടത്തോളം കുതിരകളും സ്ത്രീകളും വീടുകളും ഒരിക്കലും ദുശ്ശകുനങ്ങളാകില്ല. അതുപോലെതന്നെ, ഈ ഹദീസ് ഗൃഹ-വിരുദ്ധമോ, മൃഗ-വിരുദ്ധമോ ആകാത്ത കാലത്തോളം സ്ത്രീ-വിരുദ്ധവുമല്ല!