ശാസ്ത്രം മതത്തെ വിഴുങ്ങുമോ?*
✅ശാസ്ത്രവും ഖുര്‍ആനും എന്ന വിഷയത്തിൽ നടന്ന സംവാദം പ്രസക്തമാണ്. ചോദ്യം ഇത്രമാത്രം “അറബികള്‍ക്ക് അറിയാത്ത ഒരു കാര്യം ഖുര്‍ആന്‍ പറഞ്ഞു. പിന്നീട് അതിനെ ശാസ്ത്രം ശരിവെച്ചു. അങ്ങിനെ ഒന്ന് തെളിയിക്കാന്‍ കഴിയുമോ?”. അങ്ങിനെ ഒന്ന് ഇസ്ലാമിന്റെ ഭാഗത്ത് നിന്നും വന്നയാള്‍ തെളിയിച്ചു. സത്യ നിഷേധികളുടെ അവസ്ഥ കേവലം ഇരുട്ടല്ല, ആഴക്കടലിന്റെ അടിത്തട്ടിലെ കൂരിരുട്ടു പോലെയാണെന്നും ആ സംവാദം തെളിയിച്ചു.
ദൈവത്തിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നവരാണ് യുക്തിവാദികളും നിരീശ്വരവാദം കൊണ്ട് നടക്കുന്നവരും. ദൈവം, പ്രവാചകന്‍, വേദഗ്രന്ഥം, മാലാഖമാര്‍, മരണാനന്ത ജീവിതം എന്നീ കാര്യങ്ങളില്‍ വിശ്വാസികള്‍ അടിയുറച്ചു നില്‍ക്കുമ്പോള്‍ ഇവയെല്ലാം പൂര്‍ണമായി തള്ളിക്കളയുന്നു എന്നതാണ് യുക്തിവാദി ലൈന്‍. ഈ പറയുന്ന കാര്യങ്ങളില്‍ ഒരു തീരുമാനമായാല്‍ മാത്രമേ മറ്റു ചര്‍ച്ചകള്‍ക്ക് തന്നെ യഥാർത്ഥത്തിൽ പ്രസക്തിയുള്ളൂ.
ഖുര്‍ആന്‍ - ശാസ്ത്ര സംവാദം എന്നത് ഒരര്‍ത്ഥത്തില്‍ അര്‍ത്ഥ ശൂന്യമാണ്. ശാസ്ത്രവും മതവും രണ്ടു ശാഖകളാണ്. ശാസ്ത്രം ശരി വെക്കുമ്പോള്‍ മാത്രമാണ് മതം ശരിയാകുന്നത് എന്ന നിലപാട് മത വിശ്വാസികള്‍ക്കില്ല. ഖുര്‍ആന്‍ പറഞ്ഞതിലപ്പുറം മറ്റൊരു ശാസ്ത്രവുമില്ല എന്ന നിലപാടും അവര്‍ക്കില്ല. ഓരോ ശാസ്ത്ര കണ്ടെത്തലുകളും ദൈവത്തിന്റെ അസ്ഥിത്വം ചോദ്യം ചെയ്യാനാണ് യുക്തിവാദികള്‍ ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഈ സംവാദം നേരിടാന്‍ വിശ്വാസികള്‍ നിര്‍ബന്ധിതരാകുന്നതും.
സംവാദ സമയത്ത് മുസ്‌ലിം പക്ഷത്തു നിന്നും മുന്നോട്ടു വെച്ച സമുദ്ര ശാസ്ത്രവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ വചനം ആ രീതിയില്‍ വിശദീകരിക്കുന്ന ആദ്യ വ്യക്തിയല്ല അക്ബര്‍ സാഹിബ്. ഓണ്‍ലൈനില്‍ “Islam and Oceanography” എന്ന് അന്വേഷിച്ചാല്‍ സൂറ അന്നൂറിലെ നാല്പതാം വചനത്തെ മുന്‍ നിര്‍ത്തി കുറെ പഠനങ്ങള്‍ കാണാം. പക്ഷെ ജബ്ബാര്‍ മാഷിനു മാത്രമല്ല പലര്‍ക്കും ഈ ചര്‍ച്ച ഒരു പുതിയ വിവരമായിരുന്നു.
സത്യനിഷേധം എത്രമാത്രം ഇരുട്ടാണ് എന്നതാണ് ഖുര്‍ആന്‍ പറയാന്‍ ശ്രമിച്ചത്. അതും അന്ന് അറബികള്‍ക്ക് എന്നല്ല ലോകത്താര്‍ക്കും മനസ്സിലായിട്ടില്ലാത്ത ആഴക്കടലിലെ ഇരുട്ടിനെ ഉപമിച്ചു കൊണ്ട്. അറബികള്‍ക്ക് പരിചിതമായ ഉദാഹരണം ആദ്യം പറഞ്ഞു വെച്ചു. ശേഷക്കാലത്ത് വരുന്നവര്‍ക്ക് കൂടുതല്‍ തെളിച്ചത്തോടെ മനസ്സിലാക്കാന്‍ ആഴക്കടലിലെ ഇരുട്ടിനെ കുറിച്ചും പറഞ്ഞു. ശാസ്ത്രം പുതിയ കണ്ടെത്തലുകള്‍ നടത്തുമ്പോള്‍ എത്രമാത്രമാണ് അവിശ്വാസത്തിന്റെ ഇരുട്ട് എന്നും മനസ്സിലാക്കപ്പെടും. മനുഷ്യന്‍ ആഴക്കടലിലേക്ക് എത്തിയിട്ട് ഒരു നൂറ്റാണ്ടു പോലുമായിട്ടില്ല.
ആധുനിക ശാസ്ത്രത്തിനു മുന്നില്‍ മതം പരാജയപ്പെടുന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് യുക്തിവാദികള്‍. കഴിഞ്ഞ നൂറ്റാണ്ടും ഈ നൂറ്റാണ്ടിലെ രണ്ടു പതിട്ടാണ്ടുകളും ശാസ്ത്ര ലോകത്ത് വലിയ മാറ്റങ്ങള്‍ കൊണ്ട് വന്ന കാലമാണ്. മനുഷ്യന്‍ ഭൂമിയില്‍ നിന്നും അന്യ ഗ്രഹങ്ങളെ തേടിപ്പോയ കാലം കൂടിയാണ്. വാര്‍ത്താവിനിമയ രംഗത്തും ചികിത്സ രംഗത്തും മറ്റു മേഖലകളിലും ശാസ്ത്രം വലിയ കുതിപ്പ് നടത്തി. ഓരോ ഘട്ടത്തിലും ദൈവം മരിച്ചു എന്ന് പറഞ്ഞാണ് യുക്തിവാദികള്‍ രംഗം കയ്യടക്കിയത്.
എന്നാൽ, ഇതെല്ലാം നേരില്‍ കണ്ടിട്ടും ലോകത്ത് ദൈവ വിശ്വാസം കുറഞ്ഞില്ല. വികസിത രാജ്യങ്ങളില്‍ പോലും മതത്തിന്റെ സ്വാധീനം കൂടി വരുന്നു എന്നതാണ് പലരുടെയും ആവലാതി. ശാസ്ത്രം തങ്ങളുടെ കുത്തകയാണ് എന്ന വിചാരമാണ് നിരീശ്വര യുക്തിവാദി വിഭാഗത്തിന്. ശാസ്ത്രം മത വിരുദ്ധമേ ആകാന്‍ പാടുള്ളൂ എന്ന മുന്‍ ധാരണയും അവര്‍ കൊണ്ട് നടക്കുന്നു. പക്ഷെ ദൈവത്തെ നിഷേധിക്കാന്‍ മാത്രം ഒരു തെളിവും ശാസ്ത്രം ഇന്നുവരെ കൊണ്ട് വന്നിട്ടില്ല എന്നതാണ് യാഥാർഥ്യം.
ശാസ്ത്രത്തോടുള്ള ഇസ്ലാമിന്റെ നിലപാട് ഇങ്ങിനെ വായിക്കാം: “ആകാശഭൂമികളുടെ സൃഷ്ടിയിലും ദിനരാത്രങ്ങള്‍ മാറിമാറിവരുന്നതിലും, ബുദ്ധിശാലികള്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്; നിന്നും ഇരുന്നും കിടന്നും ഒക്കെ അല്ലാഹുവിനെ ജപിക്കുകയും ആകാശഭൂമികളുടെ നിര്‍മാണത്തില്‍ ചിന്തിക്കുകയും ചെയ്യുന്ന ബുദ്ധിശാലികള്‍ക്ക്. (അവര്‍ പറഞ്ഞുപോകുന്നു:) 'ഞങ്ങളുടെ നാഥാ! ഇതൊക്കെയും നീ മിഥ്യയായും വ്യര്‍ഥമായും സൃഷ്ടിച്ചതല്ലതന്നെ…” (ഖുർആൻ 3:190).
ശാസ്ത്രം സമം നിരീശ്വരവാദം എന്നത് ഒരു തെറ്റായ ധാരണ മാത്രമാണ്. പ്രപഞ്ചത്തെ കുറിച്ച് പഠിച്ചും ചിന്തിച്ചും പുതിയ മേഖലകള്‍ വിശ്വാസികള്‍ കണ്ടെത്തണം എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ദൈവാസ്തിത്വം അംഗീകരിക്കാന്‍ അനവധി തെളിവുകള്‍ വന്നു കിട്ടിയിട്ടും മാറിപ്പോകുന്നവര്‍ ആഴക്കടലിന്റെ ഇരുട്ടിലാണ്. അതില്‍ നിന്നും പുറത്തു കടക്കാതെ ഒരു തെളിവും അവര്‍ക്ക് മനസ്സിലാവില്ല.