ചരിത്രം പരിശോധിച്ചാൽ ജൂതരെ മതത്തിന്റെയും- വംശത്തിന്റെയും പേരിൽ ഏറ്റവുമധികം പീഡിപ്പിച്ചത് ക്രൈസ്തവ യൂറോപ്പാണ്.
ഗ്രെക്കോ-റോമൻ ലോകം
ക്രൈസ്തവലോകത്തെ യഹൂദവിരോധം പുരാതനകാലത്തെ മനോഭാവങ്ങളുടെ പിന്തുടർച്ചയാണെന്നു തെളിയിക്കാനും ക്രിസ്തീയതയുടെ ഉത്തരവാദിത്തം ലഘൂകരിക്കാനും ശ്രമിക്കുന്നവർ, യഹൂദമതത്തെ "കാടൻ അന്ധവിശ്വാസം" എന്നു വിശേഷിപ്പിച്ച റോമൻ സെനറ്റർ സിസറോയുടെ അഭിപ്രായം എടുത്തുകാട്ടാറുണ്ട്. ഗ്രെക്കോ-റോമൻ സമൂഹങ്ങളിൽ യഹൂദർ പരിഹാസത്തിനും വിമർശനത്തിനും ഇരകളായിരുന്നു. റോമിലെ ഹാസ്യലേഖകർ, യഹൂദരുടെ പരിച്ഛേദന കർമ്മത്തെ ഏറെ പരിഹസിക്കുകയും ചെയ്തിരുന്നു. സാബത്താചരണത്തെ ചിലർ അലസതയായി ചിത്രീകരിച്ചു. ഗ്രെക്കോ- റോമൻ കാലഘട്ടങ്ങളിൽ യഹൂദർ രാഷ്ട്രീയവും വംശീയവും മതപരമായും അടിച്ചമർത്തപ്പെട്ടു. AD 66 മുതൽ AD 135 നും ഇടയിൽ ഉണ്ടായ യഹൂദ- റോമൻ യുദ്ധങ്ങളിൽ യഹൂദർ ഉൾപ്പെടെ 1.8 മില്യൺ പേര് കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. യഹൂദരുടെ കലാപങ്ങളെല്ലാം റോമക്കാർ ക്രൂരമായി അടിച്ചമർത്തി, യഹൂദ പട്ടണങ്ങളുടെ നാശത്തിനും അതിലെ ജനങ്ങളെ ഒഴിപ്പിക്കുന്നതിലും ജറുസലേം ദേവാലയത്തിന്റെ തകർച്ചയിലുമാണ് കലാപങ്ങൾ അവസാനിച്ചത്. യഹൂദ സിനഗോഗുകളിൽ ഗ്രീക്ക് ദൈവങ്ങളെ പ്രതിഷ്‌ടിച്ചതും മറ്റുമായി ബന്ധപ്പെട്ട് മതവികാരം വൃണപ്പെട്ട യഹൂദർ പലപ്പോഴും കലാപങ്ങൾ അഴിച്ചു വിട്ടിരുന്നതായി കാണാം. യഹൂദരുടെ തീവ്ര മത വിശ്വാസവും ഏകദൈവത്തിലുള്ള വിശ്വാസവും മറ്റും ഗ്രീക്ക് റോമൻ അധികാരികളെ ചൊടിപ്പിച്ചിരുന്നു. അതേസമയം, ഒരു പുരാതനജനത എന്ന നിലയിൽ യഹൂദർ ബഹുമാനിക്കപ്പെടുകയും ദാർശനികരും ജ്ഞാനികളുമായി എണ്ണപ്പെടുകയും ചെയ്തിരുന്നു. അതിനാൽ പൗരാണികകാലത്ത് യഹൂദേതരജനതകൾക്ക് യഹൂദരോടുണ്ടായിരുന്ന മനോഭാവത്തിന്റെ ലഭ്യമായ ചിത്രം സമ്മിശ്രമാണ്.
ആദിമക്രിസ്തീയത
യഹൂദമതത്തിലെ ഒരു വിമതമുന്നേറ്റമായി ആരംഭിച്ച ക്രിസ്തീയതയുടെ വളർച്ചയോടെ, യഹൂദവിരോധത്തിന് മുൻപെങ്ങുമില്ലാതിരുന്ന മാനങ്ങളും തീവ്രതയും കൈവന്നു. യഹൂദരുടെ പ്രവചനപാരമ്പര്യത്തിന്റെ പരകോടിയും പൂർത്തീകരണവുമായി യേശുവിനേയും അദ്ദേഹത്തിന്റെ സന്ദേശത്തേയും കണക്കാക്കിയ ക്രിസ്തീയലോകത്തിന്, ആ അവകാശവാദങ്ങൾ തിരസ്കരിച്ച യഹൂദരോടു തോന്നിയ അസഹിഷ്ണുത, ജൂതവിരോധത്തിനു പുതിയ രൂക്ഷത നൽകി. യേശുവിന്റെ ജീവിതത്തിന്റേയും സന്ദേശത്തിന്റേയും കഥപറഞ്ഞ സുവിശേഷങ്ങൾ, യഹൂദമതനേതൃത്വത്തേയും യെരുശലേമിലെ ചഞ്ചലമനസ്കരായ സാധാരണ യഹൂദരുടെ ആൾക്കൂട്ടത്തേയും പോലും യേശുവിന്റെ പ്രതിയോഗികളും കുരിശുമരണത്തിന് ഉത്തരവാദികളുമായി ചിത്രീകരിക്കുകയും റോമൻ ഭരണകൂടത്തിന്റെ പങ്ക് കുറച്ചുകാണിക്കുകയും ചെയ്തു. ഈ ആഖ്യാനങ്ങളിൽ യെരുശലേമിലെ യഹൂദപൗരാവലി, യേശുവിന്റെ മരണത്തിനുവേണ്ടി മുറവിളികൂട്ടി, തങ്ങളുടേയും സന്തതികളുടേയും ശിരസ്സിൽ രക്തശാപം ഏറ്റുവാങ്ങിയവർ ആയിത്തീരുന്നു. കാനോനിക സുവിശേഷങ്ങളിൽ അവസാനത്തേതായ യോഹന്നാന്റെ സുവിശേഷത്തിലെ യേശു യഹൂദർക്കിടയിലെ തന്റെ പ്രതിയോഗികളെ സാത്താന്റെ മക്കളെന്നു പോലും വിളിക്കുന്നു. "നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽ നിന്നുള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് നിങ്ങൾ ഇച്ഛിക്കുന്നത്. അവൻ ആദിമുതൽക്കേ കൊലയാളി ആയിരുന്നു. അവനു സത്യവുമായി ബന്ധമേ ഇല്ല....അവൻ നുണയനും നുണയുടെ പിതാവുമാണ്. സത്യം പറയുന്നതിനാൽ നിങ്ങൾ എന്നിൽ വിശ്വസിക്കുന്നില്ല" എന്നിങ്ങനെ പോയ ആ വിമർശനം പിൽക്കാലത്ത് യഹൂദവിരുദ്ധർക്ക് എടുത്തുപയോഗിക്കാൻ ഏറെ സൗകര്യപ്പെടുന്നതായി.
സഭാപിതാക്കന്മാർ
ക്രിസ്തീയചിന്തയുടേയും പാരമ്പര്യങ്ങളുടേയും വികാസത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച ആദ്യകാലസഭാപിതാക്കന്മാർ ക്രിസ്തുമതത്തിന്റെ യഹൂദപശ്ചാത്തലം ഏറ്റുപറഞ്ഞങ്കിലും, അവരിൽ പലരും യഹൂദജനതയെ ശത്രുതയോടെയാണ് വീക്ഷിച്ചത്. രക്തസാക്ഷി ജസ്റ്റിൻ (പൊതുവർഷം 103-165), തെർത്തുല്യൻ(160- 220), അംബ്രോസ് (338-397), യോഹന്നാൻ ക്രിസോസ്തമസ് (347-407) തുടങ്ങിയ പ്രഗല്ഭ സഭാചിന്തകർ യഹൂദവിരുദ്ധത പ്രകടിപ്പിച്ചവരാണ്. സഭാപിതാക്കന്മാരിൽ മിക്കവാറും എല്ലാവരും തന്നെ "യഹൂദർക്കെതിരെ" എന്ന പേരിൽ ഒരോ രചന ചമച്ചു. ക്രിസ്തീയചിന്തകൻ എന്ന നിലയിൽ അംഗീകാരം ലഭിക്കാൻ അത്തരമൊരു രചന എഴുതിയേ മതിയാവൂ എന്ന നില സ്ഥിതി തന്നെ ഉണ്ടായിരുന്നതായി ചാൾസ് ഫ്രീമാൻ(പുറങ്ങൾ 132-33) പറയുന്നു.
ക്രി.വ. 386-87-ൽ നടത്തിയ ചില പ്രസംഗങ്ങളിൽ യോഹന്നാൻ ക്രിസോസ്തമസ്, യഹൂദമതവുമായി ബന്ധം പുലർത്തുകയും യഹൂദരീതികൾ പിന്തുടരുകയും ചെയ്യുന്ന ക്രിസ്ത്യാനികളേയും യഹൂദസമുദായത്തെ തന്നെയും നിശിതമായി വിമർശിച്ചു. ആ പ്രസംഗങ്ങളിൽ അദ്ദേഹം, തന്റെ വേദജ്ഞാനവും വാക്‌ചാതുരിയും വാദസാമർത്ഥ്യവും മുഴുവനായി, യഹൂദമതത്തേയും സമുദായത്തേയും കരിതേച്ചു കാണിക്കുന്നതിന് ഉപയോഗിച്ചു. യേശുവിന്റെ രക്തം ചൊരിഞ്ഞവരുമായി സഹവസിക്കുന്നവർക്ക്, യേശുവിന്റെ രക്തബലിയായ വിശുദ്ധ കുർബ്ബാനയിൽ എങ്ങനെ പങ്കെടുക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. യഹൂദരുരെ ക്രിസോസ്തം നായ്ക്കളോടുപമിച്ചു. "അവരുടെ ആഘോഷങ്ങൾ വിഷയാസക്തിയുടേയും വൈകൃതങ്ങളുടേയും പ്രകടനങ്ങളും സിനഗോഗുകൾ വേശ്യാലയങ്ങൾക്കു സമവുമാണ്. ലോകത്തിനു മുഴുവൻ ഭീഷണി ഉയർത്തുന്ന മഹാമാരിയായി അവരെ കണക്കാക്കേണ്ടതാണ്." ഗ്രീക്ക് ഭാഷയിൽ നിർവഹിക്കപ്പെട്ട ഈ പ്രഭാഷണങ്ങൾ അവയുടെ ശക്തിയും ആകർഷണീയതയും മൂലം ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. അങ്ങനെ, അവയിലെ ആശയങ്ങൾ പൗരസ്ത്യസഭയിലെ എന്ന പോലെ പാശ്ചാത്യസഭയിലേയും യഹൂദവിരുദ്ധതയുടെ അടിസ്ഥാനപാഠങ്ങളിൽ പെട്ടു.
മെസപ്പൊട്ടേമിയയിലെ കല്ലിനിക്കം എന്ന സ്ഥലത്ത്, അവിടത്തെ മെത്രാന്റെ ആഹ്വാനമനുസരിച്ച് ഒരു ക്രൈസ്തവ പുരുഷാരം യഹൂദന്മാരുടെ സിനഗോഗ് തകർത്തപ്പോൾ, റോമാസാമ്രാട്ട് തിയോഡോഷ്യസ്, മെത്രാനെതിരെ നിയമലംഘനത്തിന് നടപടിയെടുക്കാൻ മുതിർന്നു. അതിനെ എതിർത്ത മിലാനിലെ മെത്രാപ്പോലീത്ത അംബ്രോസ്, ക്രിസ്തുവിനെ നിന്ദിക്കുന്ന സ്ഥലമാണ് സിനഗോഗെന്നും, അത് നശിപ്പിച്ചതിൽ തെറ്റൊന്നുമില്ലെന്നും വാദിച്ചു. ഈ നിലപാടിനോട്‍ ചക്രവർത്തിക്ക് മനസ്സില്ലാതെയാണെങ്കിലും വഴങ്ങേണ്ടി വന്നു. ജൂതവിരോധത്തിന്റെ തുടക്കത്തിലെ നാഴികക്കല്ലുകളിൽ ഒന്നായാണ് ഈ സംഭവം പരിഗണിക്കപ്പെടുന്നത്.
അംബ്രോസിന്റെ ശിഷ്യനും ആദിമക്രിസ്തീയതയിലെ ഏറ്റവും പേരെടുത്ത ചിന്തകനുമായിരുന്ന ഹിപ്പോയിലെ അഗസ്തീനോസ് (354-430) പോലും യഹൂദവിരുദ്ധതയിൽ നിന്നു മുക്തനായിരുന്നില്ല. യഹൂദർ തീർത്തും നശിക്കാതെ, താൻ വിഭാവന ചെയ്ത ദൈവനഗരത്തിൽ ക്രിസ്തീയതയുടെ വിജയം എടുത്തുകാട്ടുന്ന പരാജിതജനതയായി, ചിതറിയ അവസ്ഥയിൽ നിലനിൽക്കുന്നത് അഗസ്റ്റിൻ സങ്കല്പിച്ചു.പരാജിതരായ തന്റെ ശത്രുക്കളെക്കുറിച്ച് ദാവീദു രാജാവ് പഴയനിയമത്തിലെ സങ്കീർത്തനങ്ങളിലൊന്നിൽ ദൈവത്തോടു നടത്തുന്ന അപേക്ഷ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം ഇവിടെ.
സഭാപിതാക്കന്മാരുടെ ചരിത്രവീക്ഷണം, യഹൂദരുടെ പരിതാപാവസ്ഥയെ, 'ക്രിസ്തുഹത്യ'-ക്കു ന്യായമായി ലഭിച്ച ദൈവശിക്ഷയായി വിലയിരുത്തി. നാലാം നൂറ്റാണ്ടിൽ ആദിമസഭയുടെ ചരിത്രമെഴുതിയ ക്രിസ്തീയചരിത്രകാരൻ യൂസീബിയസ്, തന്റെ രചനയുടെ ലക്ഷ്യങ്ങളിലൊന്ന് "നമ്മുടെ രക്ഷകനെതിരെ ഗൂഢാലോചന നടത്തി ഏറെ താമസിയാതെ യഹൂദവംശത്തിന് വന്നുപെട്ട സർവ്വനാശത്തിന്റെ കഥ പറയുക" എന്നതാണെന്നു തുറന്നു പറയുന്നു.
മദ്ധ്യയുഗങ്ങൾ- ഒറ്റപ്പെടൽ, അപമാനം
മദ്ധ്യയുഗങ്ങളിൽ, ഒറ്റപ്പെട്ടു ജീവിച്ച യഹൂദർക്കെതിരെ ക്രിസ്തീയസമൂഹങ്ങളിൽ പേടിപ്പെടുത്തുന്ന പല കഥകളും പ്രചരിച്ചു. യഹൂദർ, ക്രിസ്തീയശിശുക്കളുടെ രക്തം പെസഹാ അപ്പത്തിൽ കലർത്തുന്നതായും, ക്രിസ്ത്യാനികൾക്ക് അതിപൂജ്യമായ വിശുദ്ധകുർബാനയിലെ ബലിയപ്പം മോഷ്ടിച്ചെടുത്ത് അവമതിക്കുന്നതായും, ക്രിസ്ത്യാനികളുടെ ജലസ്രോതസ്സുകളിൽ വിഷം ചേർക്കുന്നതായും വിശ്വസിക്കപ്പെട്ടു. പകർച്ചവ്യാധികൾ പടരുമ്പോൾ, അതിനു പിന്നിൽ യഹൂദരുടെ ചെയ്തികളാണെന്ന വിശ്വാസത്തിൽ അവർ ആക്രമിക്കപ്പെട്ടു. ക്രിസ്ത്യാനികളെ സംബന്ധിച്ച് യഹൂദർക്കിടയിലും പലവിധം തെറ്റിദ്ധാരണകൾ പ്രചരിച്ചു. ക്രിസ്തുവിന്റെ ജനനകഥയ്ക്ക് മദ്ധ്യകാലയഹൂദതയും യഹൂദരുടെ താൽമുദും നൽകിയ ഭാഷ്യം, ക്രിസ്തീയതക്ക് അപമാനകരമായി. 1179-ലെ മൂന്നാം ലാറ്ററൻ സൂനഹദോസ്, ക്രിസ്തീയസൂതികർമ്മിണികൾ, യഹൂദസ്ത്രീകളുടെ പേറെടുക്കുന്നതു വിലക്കി. ക്രിസ്ത്യാനികളും യഹൂദരും തമ്മിലുള്ള വിവാഹവും വിലക്കപ്പെട്ടു.
മദ്ധ്യയുഗങ്ങളിൽ യൂറോപ്യൻ ഭരണകൂടങ്ങളിലെ നീതിവ്യവസ്ഥ യഹൂദരെ പൗരാവകാശമില്ലാത്തവരോ രണ്ടാം തരം പൗരന്മാരോ ആയി കണക്കാക്കി. കോടതിവ്യവഹാരങ്ങളിൽ പങ്കെടുക്കുന്ന യഹൂദർ, "മൊരേ ജുദായ്ക്കോ" എന്ന അപമാനകരമായ പ്രതിജ്ഞയിലും അതിന്റെ അനുബന്ധച്ചടങ്ങുകളിലും കൂടി കടന്നു പോകാൻ നിർബ്ബന്ധിക്കപ്പെട്ടു. മൊഴി അസത്യമാണെങ്കിൽ ബൈബിളിലെ നിയമാവർത്തനപ്പുസ്തകത്തിലെ ശാപങ്ങളെല്ലാം യഹൂദൻ തലയിലേറ്റുന്നു എന്ന മട്ടിലായിരുന്നു ആ പ്രതിജ്ഞ.
സ്പെയിനിൽ യഹൂദരുടെ പീഡനം ഒരു സഹസ്രാബ്ദം ദീർഘിച്ചു. നികുതി നിരക്കിലെ വിവേചനം, നിർബ്ബന്ധിച്ചുള്ള കടംമേടിക്കൽ, കണ്ടുകെട്ടൽ, കൊലപാതകം, നിർബ്ബന്ധിത മാമ്മോദീസ തുടങ്ങിയവയ്ക്ക് അവർ ഇരകളായി. മതപരിവർത്തനത്തിന് തങ്ങളെ ആഹ്വാനം ചെയ്യുന്ന പ്രഭാഷണങ്ങൾ സ്വന്തം സിനഗോഗുകളിൽ പോലും കേൾക്കാൻ അവർ നിർബ്ബന്ധിക്കപ്പെട്ടു. അതേസമയം, ക്രിസ്തുമതത്തിൽ നിന്ന് യഹൂദതയിലേക്കുള്ള പരിവർത്തനത്തിന് വധശിക്ഷയായിരുന്നു വിധിച്ചിരുന്നത്. ക്രിസ്തീയ വേദാന്തികളുമായുള്ള സംവാദങ്ങൾക്ക് ക്ഷണിക്കപ്പെട്ട അവർക്ക് അവയിൽ പരാജയം അപമാനകരവും വിജയം അപകടകരവും ആയിരുന്നു.
തീർത്തും പ്രതികൂലമായ ഈ ചുറ്റുപാടുകളോടു പ്രതികരിച്ച വ്യവസ്ഥാപിത യഹൂദത കൂടുതൽ ഇടുങ്ങിയതും യാഥാസ്ഥിതികവുമായി. ക്രിസ്ത്യാനികളും യഹൂദരും തമ്മിലുള്ള ബന്ധം ശത്രുത നിറഞ്ഞതയും ആഴമില്ലാത്തതും ആയിത്തീർന്നു. ഈ പരാധീനതകൾ, ക്രിസ്തീയരാഷ്ട്രങ്ങളിലെ യഹൂദരെ സമൂഹിക-സംസ്കാരികമേഖലകളുടെ വളർച്ചയിൽ പങ്കാളികളാകാൻ പ്രാപ്തിയില്ലാത്തവരാക്കി. മദ്ധ്യയുഗങ്ങളിൽ പൊതുവേ, യഹൂദർക്ക് താരതമ്യേനയുള്ള മനുഷ്യത്വവും അനുകൂലസാഹചര്യങ്ങളും ലഭിച്ചത് ഇസ്ലാമിക സമൂഹങ്ങളിലാണ്.
പീഡനകാലം
ഇക്കാലത്ത് യഹൂദവിരുദ്ധത, ക്രിസ്തുമതത്തിലെ തിരുനാളുകളിൽ ചിലതിന്റെ ഭാഗം തന്നെയായി. യേശുവിന്റെ പീഡാനുഭവത്തിന്റേയും കുരിശുമരണത്തിന്റേയും അനുസ്മരണം നടക്കുന്ന വിശുദ്ധവാരം (holy week), യഹൂദർക്ക് പേടിസ്വപ്നമായിരുന്നു. ക്രിസ്തുഘാതകരായി കരുതപ്പെട്ട അവരോടുള്ള ശത്രുത വിശുദ്ധവാരത്തിൽ പലപ്പോഴും അക്രമത്തിന്റെ രൂപമെടുത്തതിനാൽ ആ നാളുകളിൽ യഹൂദർ, പുറത്തിറങ്ങാതെ, പാർപ്പിടങ്ങളിൽ ഒതുങ്ങിക്കഴിഞ്ഞു. പൊതുവർഷം 538-ലെ ഓർലിയൻസ് സൂനഹദോസ്, പീഡാനുഭവവാരത്തിൽ യഹൂദർ വീടുകളിൽ നിന്നു പുറത്തിറങ്ങരുതെന്ന് ഉത്തരവിട്ടു. ഫ്രാൻസിലെ ബെസിയേഴ്സ് നഗരത്തിൽ, യഹൂദച്ചേരികളുടെ മേലുള്ള ആക്രമണം പീഡാനുഭവവാരാചരണത്തിന്റെ ഭാഗം തന്നെ ആയിരുന്നു. ഒടുവിൽ അതു നിർത്തലാക്കിയത്, പകരമായി യഹൂദർ ഒരു പ്രത്യേക നികുതി കൊടുക്കണം എന്ന വ്യവസ്ഥയിലാണ്. ടൂളൂസിലെ യഹൂദർ, ദുഃഖവെള്ളിയാഴ്ചകളിൽ അവരുടെ ഒരു പ്രതിനിധിയെ നഗരത്തിലെ ഭദ്രാസനപ്പള്ളിയിലേക്ക് അയക്കാൻ ചുമതലപ്പെട്ടിരുന്നു. ക്രിസ്തുഹത്യാപാപത്തിന്റെ ഓർമ്മപ്പെടുത്തലായി, കരണത്ത് ഒരു പരസ്യതാഡനം എറ്റുവാങ്ങി മടങ്ങുകയായിരുന്നു അയാൾക്കു ചെയ്യാനുണ്ടായിരുന്നത്.
കുരിശുയുദ്ധങ്ങൾ
ലത്തീൻ കത്തോലിക്കാ സഭയുടെ നേതൃത്വത്തിലോ, പിന്തുണയിലോ, ആസൂത്രണത്തിലോ ആയി മധ്യകാലഘട്ടത്തിൽ നടന്നുവന്ന യുദ്ധങ്ങളെ പൊതുവെ കുരിശുയുദ്ധങ്ങൾ എന്ന് വിളിക്കപ്പെടുന്നു. യേശുവിന്റെ ജീവിത-മരണങ്ങളുമായി ബന്ധപ്പെട്ട മദ്ധ്യപൗരസ്ത്യദേശത്തെ 'വിശുദ്ധനാടിന്റെ' മേലുള്ള, മുസ്‌ലിം ആധിപത്യം അവസാനിപ്പിക്കുക കൂടാതെ മതപരമായ സ്വഭാവം പുലർത്തിയിരുന്നവയും, പലപ്പോഴും മാർപ്പാപ്പായുടെ അംഗീകാരത്തോടു കൂടി നടത്തപ്പെട്ടവയുമായ ഇവ, പാഗൻ ജനതകൾക്കും, അവിശ്വാസികൾക്കും എതിരെയുള്ള ഒരു സമരമായാണ് ചിത്രീകരിയ്ക്കപ്പെട്ടിരുന്നത്.ക്രിസ്തുമതത്തിലെ അവാന്തരവിഭാഗങ്ങൾക്കെതിരെയുള്ള സൈനികനീക്കങ്ങളും ഇക്കൂട്ടത്തിൽ കാണപ്പെടുന്നു.
ഈ ലക്ഷ്യത്തോടെ 11 മുതൽ 13 വരെ നുറ്റാണ്ടുകളിൽ പാശ്ചാത്യക്രിസ്തീയത നടത്തിയ 'കുരിശുയുദ്ധങ്ങൾ' മുസ്ലിങ്ങൾക്കെന്ന പോലെ യഹൂദജനതയ്ക്കും കണക്കില്ലാത്ത ദുരിതങ്ങൾ വരുത്തിവച്ചു. യെരുശലേമിലെക്കുള്ള വഴിയിൽ യഹൂദസമൂഹങ്ങളെ കൊന്നും കൊള്ളയടിച്ചും ക്രിസ്തുമതത്തിലേക്കു നിർബ്ബന്ധപൂർവം പരിവർത്തനം ചെയ്യിച്ചുമാണ് കുരിശുയോദ്ധാക്കൾ മുന്നേറിയത്. പലയിടങ്ങളിലും പ്രാദേശീയ ക്രിസ്തീയനേതൃത്വം യഹൂദരെ സംരക്ഷിക്കുവാൻ തയ്യാറായെങ്കിലും കുരിശുയോദ്ധാക്കളോട് എതിർത്തു നിൽക്കുക അവർക്കു എളുപ്പമല്ലായിരുന്നു. ജർമ്മനിയിലെ വേംസ് നഗരത്തിലെ യഹൂദർക്ക് ഒന്നാം കുരിശുയുദ്ധത്തിൽ ഉണ്ടായ ഗതി വിൽ ഡുറാന്റ് സംസ്കാരത്തിന്റെ കഥയിൽ ഇങ്ങനെ വിവരിക്കുന്നു:-
“ വേംസിലെ അല്ലെബ്രാഞ്ചസ് മെത്രാൻ, തന്റെ അരമനയ്ക്ക് ഉൾക്കൊള്ളാനാവുന്നത്ര യഹൂദർക്ക് അവിടെ അഭയം കൊടുത്തു. അവശേഷിച്ചവരെ കുരിശുയോദ്ധാക്കൾ, അപരിചിതത്ത്വം അനുവദിച്ച കാടത്തം മുഴുവൻ പ്രയോഗിച്ച്, കൊലയ്ക്കും കൊള്ളയ്ക്കും കൊള്ളിവയ്പിനും ഇരയാക്കി. നിർബ്ബന്ധിത മതപരിവർത്തനത്തിൽ നിന്നു രക്ഷപെടാൻ, ഒട്ടേറെ യഹൂദർ ആത്മഹത്യ തെരഞ്ഞെടുത്തു. ഏഴു ദിവസം കഴിഞ്ഞപ്പോൾ കുരിശുയോദ്ധാക്കൾ മെത്രാന്റെ അരമന വളഞ്ഞു. അതോടെ മെത്രാൻ, താൻ അഭയം കൊടുത്തിരുന്നവരോട്, അവരെ സംരക്ഷിക്കാൻ തനിക്കാവില്ലെന്നു പറഞ്ഞ് മാമ്മോദീസാ മുങ്ങാൻ ഉപദേശിച്ചു. അപ്പോൾ യഹൂദർ, തീരുമാനമെടുക്കാൻ അല്പസമയം ആവശ്യപ്പെട്ടു. കുറേക്കഴിഞ്ഞ് മടങ്ങിയെത്തിയ മെത്രാൻ, അവരിൽ ഭൂരിപക്ഷവും പരസ്പരം കൊന്നൊടുക്കിയിരുന്നതായി കണ്ടു. തുടർന്ന് അരമനയിൽ ഇടിച്ചു കയറിയ യോദ്ധാക്കൾ, ബാക്കിയുള്ളവരേയും വകവരുത്തി.”
കുരിശുയുദ്ധങ്ങൾ തുടക്കമിട്ട ഈവിധം കൂട്ടക്കൊലകൾ ആ യുദ്ധങ്ങൾക്കു ശേഷവും യഹൂദർക്കെതിരെ ആവർത്തിക്കപ്പെടുകയും ഇരുപതാം നുറ്റാണ്ടിന്റെ ആദ്യപകുതിയിൽ പോലും തുടരുകയും ചെയ്തു.
സാമ്പത്തിക മാനം
മദ്ധ്യയുഗങ്ങളിലും മറ്റെല്ലാക്കാലങ്ങളിലും, യഹൂദവിരുദ്ധതയുടെ മതപരമായ മുഖം, യഹൂദരോടുള്ള സാമ്പത്തിക ശത്രുതക്ക് പലപ്പോഴും മറയായിരിരുന്നു. ഒട്ടേറെ തൊഴിലുകളിലും ഉദ്യോഗങ്ങളിലും പ്രവേശനവും സ്ഥാവരസ്വത്തുക്കളുടെ ഉടമസ്ഥതയും നിഷേധിക്കപ്പെട്ടതിനെ തുടർന്ന് അവർ പണമിടപാടിലേക്കു തിരിഞ്ഞത്, അവർക്കെതിരെയുള്ള ശത്രുത വർദ്ധിപ്പിച്ചു. കുരിശുയോദ്ധാക്കളുടെ പോലും യഹൂദവിരോധത്തിന് സാമ്പത്തിക മാനം ഉണ്ടായിരുന്നു. യെരുശലേം പിടിച്ചെടുക്കാൻ വേണ്ടിയുള്ള സൈനികനീക്കത്തിൽ പല പ്രഭുക്കന്മാരും യഹൂദരായ പണമിടപാടുകാരിൽ നിന്ന് കടം വാങ്ങിയിരുന്നു. കടക്കാർക്ക് ഉത്തമർണ്ണമാരെ ഇല്ലായ്മ ചെയ്യുന്നതിലുള്ള സ്ഥാപിതതാത്പര്യവും, കുരിശുയുദ്ധങ്ങൾക്കിടെ യഹൂദർക്കെതിരെ നടന്ന ക്രൂരതകളുടെ കാരണങ്ങളിൽ പെട്ടു.
നവീകരണകാലം
യൂറോപ്യൻ നവോത്ഥാനവും അതിനെ തുടർന്ന് ലൂഥറിന്റേയും കാൽവിന്റെയും മറ്റും നേതൃത്വത്തിൽ നടന്ന പാശ്ചാത്യക്രിസ്തീയതയുടെ നവീകരണവും ഭിന്നിപ്പും സാമൂഹ്യരാഷ്ട്രീയമേഖലകളിൽ മാറ്റങ്ങൾ വരുത്തി. യഹൂദരുടെ പിൽക്കാലങ്ങളിലെ അവസ്ഥയിൽ ഇത് ചില മാറ്റങ്ങൽക്ക് വഴിയൊരുക്കി. എന്നാൽ അവയൊന്നും യഹൂദർക്കനുകൂലമായ തുരന്തഫലങ്ങളൊന്നും ഉളവാക്കിയില്ല. നവീകർത്താക്കൾ പൊതുവേ, പ്രത്യേകിച്ച് ലൂഥർ, യഹൂദർക്കു നേരേ തീരെ മയമില്ലാത്ത സമീപനമാണ് പിന്തുടർന്നത്.
ക്രിസ്തീയതയ്ക്കു തങ്ങൾ നൽകിയ പുതിയ മുഖം യഹൂദരെ പെട്ടെന്ന് ആകർഷിക്കുമെന്നും അവർ ക്രിസ്തുമതം സ്വീകരിക്കുമെന്നും ലൂഥറും മറ്റും കരുതി. ആ പ്രതീക്ഷ ഫലിക്കാതിരുന്നത് അവരെ അരിശം കൊള്ളിച്ചു. തന്റെ ജീവിതത്തിന്റേയും നവീകരണദൗത്യത്തിന്റേയും അവസാനകാലത്ത് ലൂഥർ യഹൂദരോട് തീവ്രമായ വൈര്യം കാട്ടി. അവർക്കെതിരെ ആക്രമണത്തിനുള്ള പരസ്യാഹ്വാനത്തോളമെത്തി അദ്ദേഹത്തിന്റെ ശത്രുത. യഹൂദരുടെ പ്രാർത്ഥനാമജ്ഞരികളും താൽമുദും വേദപുസ്തകം തന്നെയും പിടിച്ചെടുക്കാനും, റബൈമാരെ പ്രബോധനത്തിൽ നിന്ന് മരണശിക്ഷയിൽ കീഴ് വിലക്കാനും ഇതൊന്നും ഫലിക്കാതിരുന്നാൽ പേപ്പട്ടികളെപ്പോലെ അവരെ നാട്ടിൽ നിന്നു തുരത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. ലൂഥറുടെ ജൂതവിരുദ്ധ രചനകളും പ്രഭാഷണങ്ങളും പിൽക്കാലമനോഭാവങ്ങളെ കാര്യമായി സ്വാധീനിച്ച്, ഇരുപതാം നൂറ്റാണ്ടിൽ നാത്സികളുടെ യഹൂദവിരുദ്ധതക്കു പോലും സൗകര്യപ്പെട്ട ചേരുവയായി.
യഹൂദരോടുള്ള ജോൺ കാൽവിന്റെ മനോഭാവം കൂടുതൽ സങ്കീർണ്ണവും വിശകലനം ആവശ്യപ്പെടുന്നതുമാണെങ്കിലും യഹൂദരെ നിന്ദിക്കുന്ന പ്രസ്താവനകൾ അദ്ദേഹത്തിന്റെ രചനകളിലും സുലഭമാണ്. ബൈബിളിലെ ദാനിയേലിന്റെ പുസ്തകത്തിന്റെ വ്യാഖ്യാനത്തിൽ കാൽവിൻ ഇങ്ങനെ എഴുതി: "ഏറെ യഹൂദരുമായി ഞാൻ സംഭാഷണം നടത്തിയിട്ടുണ്ട്. അവരുടെ കണ്ടെത്തലുകളിൽ ഭക്തിയുടേയോ സത്യത്തിന്റേയോ തരിമ്പുപോലും എനിക്കു കാണായില്ല. മാത്രമല്ല, ഒരു യഹൂദനിൽ സാമാന്യബുദ്ധി തന്നെ ഞാൻ ഇതേവരെ കണ്ടിട്ടില്ല."
ജ്ഞാനോദയം
പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്യൻ സമൂഹത്തെ മാറ്റി മറിച്ച ബൗദ്ധിക ഉണർവായ 'ജ്ഞാനോദയം', രാഷ്ട്രീയസാമൂഹ്യമേഖലകളിൽ മതത്തിനുണ്ടായിരുന്ന മേൽക്കോയ്മ ഇല്ലാതാക്കി. ജൂതവിരോധത്തിന്റെ വേരുകൾ മതപരമായിരുന്നതിനാൽ ജ്ഞാനോദയം അതിനെ പൊതുവേ ദുർബ്ബലപ്പെടുത്തി, യഹൂദരുടെ വിമോചനത്തെ സഹായിച്ചു.
വോൾട്ടയർ
എങ്കിലും യഹൂദരുടെ നേരേയുള്ള മുൻവിധികൾ പെട്ടെന്ന് അപ്രത്യക്ഷമായില്ല. ജ്ഞാനോദയപാരമ്പര്യത്തിലെ ഏറ്റവും അറിയപ്പെടുന്ന ചിന്തകൻ വോൾട്ടയർ പോലും അവയിൽ നിന്നു മുക്തനായിരുന്നില്ല. യഹൂദരുടെ തോറയെ വോൾട്ടയർ കൂട്ടക്കൊലകളുടേയും വിഷയാസക്തിയുടേയും രേഖയെന്നു വിശേഷിപ്പിച്ചു. വ്യവസ്ഥാപിത ക്രിസ്തീയതയുടെ തന്നെ തീവ്രശശത്രുവായിരുന്ന വോൾട്ടയർക്ക് യഹൂദമതത്തോടുണ്ടായിരുന്ന വെറുപ്പിന് ഒരു കാരണം, അത് ക്രിസ്തുമതത്തിന്റെ പിറവിയ്ക്കു പശ്ചാത്തലമൊരുക്കി എന്നതായിരുന്നു. യാഥാസ്ഥിതിക ക്രിസ്ത്യാനികൾ യഹൂദരെ ശപിക്കുന്നതു കാണുമ്പോൾ മക്കൾ അപ്പനെ തല്ലുന്നതായി തനിക്കു തോന്നുമെന്ന് വോൾട്ടയർ പറഞ്ഞു. യഹൂദരായ ഓഹരി ദല്ലാളന്മാരും മറ്റുമായുള്ള വ്യക്തിപരമായ ഇടപാടുകളിൽ സംഭവിച്ച സാമ്പത്തിക നഷ്ടത്തിന്റെ കയ്പ് വോൾട്ടയറുടെ നിരീക്ഷണത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
19-ആം നൂറ്റാണ്ട്
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ യൂറോപ്പിൽ പൊതുവേ, യഹൂദർക്കെതിരെയുള്ള മനോഭാവങ്ങൾ കൂടുതൽ ഉദാരമായി. ഫ്രാൻസിലും ഇംഗ്ലണ്ടിലും റഷ്യയിലും,ഭരണാധികാരികൾ യഹൂദരുടെ അവസ്ഥ മെച്ചപ്പെടുത്താനായി നിയമനിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു.
'ജൂതപ്രശ്നം'
എങ്കിലും ഇമ്മാതിരി നടപടികളോടുള്ള എതിർപ്പ് വ്യാപകമായിരുന്നു. സാമൂഹ്യമായ തുല്യതയും പൗരാവകാശങ്ങളും ആവശ്യപ്പെട്ട യഹൂദർ അതിനൊപ്പം സാംസ്കാരികവും വംശീയവുമായ വ്യതിരിക്തത നിലനിർത്താൻ കൂടി ആഗ്രഹിച്ചത് കാപട്യമായി പലരും വ്യാഖ്യാനിച്ചു. യഹൂദരുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട പരാധീനതകളുടെ അനീതി തിരിച്ചറിഞ്ഞവർ പോലും, വ്യതിരിക്ത സമൂഹമായുള്ള അവരുടെ നിലനിപ്പ് യൂറോപ്യൻ സംസ്കാരത്തിനു നേരിടാനുള്ള വെല്ലുവിളിയോ പരിഹരിക്കാനുള്ള പ്രശ്നമോ ആയി കണ്ടു. മതാടിസ്ഥാനത്തിലുള്ള ഒരു മനഃസ്ഥിതി എന്ന നിലയിൽ അപ്രത്യക്ഷമാകാൻ തുടങ്ങിയ ജൂതവിരോധം അതോടെ കൂടുതൽ മാന്യമായ പുതിയ രൂപങ്ങളിൽ അവതരിപ്പിക്കപ്പെട്ടു. "ജൂതപ്രശ്നം" (Jewish Question) എന്ന ആശയം തന്നെ ഒരു സജീവസമസ്യ എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ടു.
ജർമ്മൻ സംസ്കാരത്തിൽ നിന്ന് ജൂതസ്വാധീനത്തെ ഉന്മൂലനം ചെയ്യാൻ വില്യം മാറിന്റെ 'ആന്റിസെമെറ്റിക്' പ്രചാരണം നടന്നതും പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു. ആ പ്രചരണത്തിന്റെ പേര്, പിന്നീട് ജൂതവിദ്വേഷത്തിന്റെ സൂചകശബ്ദമെന്ന നിലയിൽ കുപ്രസിദ്ധി നേടി.
പുതുചിന്തകൾ
സ്ഥിതിസമത്വത്തിനും വർഗ്ഗരഹിതസമൂഹത്തിനും വേണ്ടി വാദിച്ചുകൊണ്ട് സാമ്പത്തികവും സാമൂഹ്യവുമായ വ്യവസ്ഥാപിതകളെ തകിടം മറിക്കാൻ ശ്രമിച്ച കമ്മ്യൂണിസം പോലുള്ള പുത്തൻ തത്ത്വസംഹിതകൾ സൃഷ്ടിച്ച കോളിളക്കങ്ങളിൽ യഹൂദരെ കുറ്റവാളികളാക്കാനുള്ള ശ്രമവും 19-ആം നൂറ്റാണ്ടിൽ ഉണ്ടായി. പുത്തൻ സിദ്ധാന്തങ്ങൾ, ലോകമേധാവിത്വത്തിനു വേണ്ടിയുള്ള യഹൂദരുടെ ശ്രമത്തിന്റെ ഫലമായി വ്യാഖ്യാനിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് ആചാര്യനായ കാറൽ മാർക്സിന്റെ യഹൂദപശ്ചാത്തലം ഈ ആരോപണങ്ങളെ ഗൗരവമായെടുക്കാൻ ചിലരെയെങ്കിലും പ്രേരിപ്പിച്ചു. യൂറോപ്യൻ സമൂഹത്തിലെ ഏറ്റവും അധ:സ്ഥിതമായ വിഭാഗങ്ങളിൽ ഒന്നായിരുന്ന യഹൂദർക്കിടയിൽ പലരും പുതുസിദ്ധാന്തങ്ങളോട് അനുഭാവം പ്രകടിപ്പിച്ചതും ജൂതന്മാരുടെ ഗൂഢപദ്ധതിക്കു തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടു.
പത്തൊൻപതാം നൂറ്റാണ്ടിലെ ജർമ്മൻ ആശയവാദചിന്തകൻ ഹേഗലിന്റെ ദർശനം ജർമ്മൻ ജനതയുടെ വംശമഹിമയെ പുകഴ്ത്തി. ക്രൈസ്തവ-ജൂത മതങ്ങൾ പിന്തുടരുന്ന സെമറ്റിക് ധാർമ്മികതയിലെ ബലഹീനന്റെ പക്ഷം നിൽക്കുന്ന ദൈവത്തേയും, ജനാധിപത്യവും സോഷ്യലിസവും ഉൾപ്പെടെ സമത്വവാദത്തിന്റെ എല്ലാ രൂപങ്ങളേയും തള്ളിപ്പറഞ്ഞ നീച്ചയും 19-20 നൂറ്റാണ്ടുകളെ ആഴത്തിൽ സ്വാധീനിച്ച മറ്റൊരു ജർമ്മൻ ദാർശനികനായിരുന്നു. ഈ ചിന്തകന്മാരുടെ ആശയങ്ങൾ 19-ആം നൂറ്റാണ്ടിലും പിന്നീടും ജൂതവിരോധത്തെ പിന്തുണക്കും വിധം വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ട്
ചട്ടങ്ങൾ'
യഹൂദജനതയുടെ ലോകമേധാവിത്വത്തിനുള്ള രഹസ്യപദ്ധതി വിവരിക്കുന്നതെന്ന മട്ടിൽ പ്രചരിച്ച "സെഹിയോൻ മൂപ്പന്മാരുടെ ചട്ടങ്ങൾ" എന്ന രചനയുടെ പ്രസിദ്ധീകരണം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യഹൂദവിരുദ്ധതയെ പ്രോത്സാഹിപ്പിച്ച ഒരു സംഭവമായിരുന്നു. 1903-ൽ റഷ്യയിലായിരുന്നു ഇതിന്റെ ആദ്യപ്രസിദ്ധീകരണം. മാധ്യമങ്ങളേയും സമ്പദ്‌വ്യവസ്ഥയേയും നിയന്ത്രിച്ചും, പരമ്പരാഗത സാമൂഹ്യക്രമത്തെ തകിടം മറിച്ച് അതിന്റെ സ്ഥാനത്ത് മനുഷ്യമനസ്സുകളെ ആഗോളതലത്തിൽ കൗശലപൂർവം സ്വാധീനിക്കുന്ന മറ്റൊരു വ്യവസ്ഥ പ്രതിഷ്ഠിച്ചും, യഹൂദന്മാർ എങ്ങനെ ലോകത്തെ നിയന്ത്രിക്കുമെന്ന് ഈ രചന വിവരിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യയിലെ വിപ്ലവമുന്നേറ്റങ്ങളെ എതിർത്തവരായിരുന്നു ഇതിന്റെ പ്രചരണത്തിനു പിന്നിൽ. 1905-ലെ ആദ്യവിപ്ലവത്തെ തുടർന്ന് അതിന് കുറേ പ്രചാരം കിട്ടി. 1917-ലെ ബോൾഷെവിക് വിപ്ലവം കഴിഞ്ഞപ്പോൾ, ലോകമേധാവിത്വത്തിനു വേണ്ടിയുള്ള യഹൂദപദ്ധതിയാണ് "ബോൾഷെവിഷം" എന്ന പ്രചാരണത്തിന്റെ ബലത്തിൽ "ചട്ടങ്ങൾ" പിന്നെയും ശ്രദ്ധിക്കപ്പെട്ടു. 1920-കളിലും 30-കളിലും അത് പാശ്ചാത്യലോകത്ത് വ്യാപകമായി പ്രചരിച്ചു.
നാസി കക്ഷി
ഒന്നാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ, യുദ്ധത്തിൽ ജർമ്മനിക്കു സംഭവിച്ച പരാജയത്തിന്റേയും വേഴ്സായ് സന്ധിയുടെ അപമാനത്തിന്റേയും കാരണങ്ങൾ അന്വേഷിച്ച തീവ്രദേശീയവാദികളിൽ ഒരു വിഭാഗം, ജർമ്മനിയുടെ പരാജയത്തിന് യഹൂദരെ ഉത്തരവാദികളാക്കി. അക്രമത്തിന്റേയും നുണപ്രചരണത്തിന്റേയും മാർഗ്ഗം പിന്തുടർന്ന ഈ തീവ്രവാദികളുടെ നേതാവായി ഉയർന്നുവന്നത് ജർമ്മൻ സൈന്യത്തിലെ ഒരു താഴേക്കിട ഉദ്യോഗസ്ഥനായിരുന്ന അഡോൾഫ് ഹിറ്റ്ലർ ആണ്. ഹിറ്റലറുടെ അനുയായികൾ "ദേശീയ സോഷ്യലിസ്റ്റ് ജർമ്മൻ തൊഴിലാളി കക്ഷി" (നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി) എന്ന പേരിൽ സംഘടിച്ചു. "നാത്സി കക്ഷി" എന്ന ചുരുക്കപ്പേരും അവർക്കു കിട്ടി. ജൂതവിരോധം നാത്സി കക്ഷിയുടെ പ്രവർത്തനപദ്ധതിയിൽ വ്യക്തമായി എഴുതിച്ചേർത്തിരുന്നു. 1920-ൽ നാസി കക്ഷി പ്രസിദ്ധീകരിച്ച 25-ഇനങ്ങൾ അടങ്ങിയ നയസംഗ്രഹത്തിൽ നാലാമത്തെ ഇനം ഇതായിരുന്നു:-
“ ജർമ്മൻ രക്തം ഉള്ളവർക്കു മാത്രമേ ജർമ്മൻ രാഷ്ട്രത്തിലെ അംഗങ്ങളായിരിക്കാൻ കഴിയുകയുള്ളു. അതിനാൽ ഒരു യഹൂദനും ജർമ്മൻ രാഷ്ട്രത്തിലെ അംഗമാകുന്നില്ല. ”
1933 ജനുവരിയിൽ ജർമ്മനിയിൽ അധികാരത്തിൽ വന്ന നാസി സർക്കാർ യഹൂദരുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്ന ഒട്ടേറെ നടപടികൾ സ്വീകരിച്ചു. 1935-ലെ "ന്യൂറംബർഗ്ഗ് നിയമങ്ങൾ", അവരുടെ പൗരാവകാശങ്ങൾ എടുത്തുകളയുകയും അവരും യഹൂദേതരരുമായുള്ള വിവാഹബന്ധം നിരോധിക്കുകയും ചെയ്തു. ഹിറ്റ്ലറുടെ സായുധസേനയായ 'കൊടുങ്കാറ്റുപട' (സ്റ്റോം ട്രൂപ്പേഴ്സ്) യഹൂദർക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു. യഹൂദരുമായുള്ള കച്ചവടബന്ധങ്ങൾ നിരുത്സാഹപ്പെടുത്തപെട്ടതോടെ, "യഹൂദർക്ക് പ്രവേശനമില്ല" എന്ന അറിയിപ്പ് വ്യാപാരസ്ഥാപനങ്ങളിൽ പതിവായി. 1938-ൽ ഒരു യഹൂദൻ നാസി ഉദ്യോഗസ്ഥരിൽ ഒരുവനെ വധിച്ചത് യഹൂദർക്കെതിരെ ഭീകരത അഴിച്ചുവിടാൻ നാസികൾ അവസരമാക്കി. 1938 നവംബർ 10, "ഭഗ്നസ്ഫടികത്തിന്റെ രാത്രി" (Night of Broken Glass) എന്നറിയപ്പെടുന്നു. അന്ന് ഹിറ്റ്ലറുടെ പോലീസ് മന്ത്രി ഹിംലറുടെ ഉത്തരവനുസരിച്ച് നാസിപ്പട, ജാലകങ്ങൾ തകർത്ത്, പതിനായിരത്തോളം ജൂതവ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിച്ചു. ആ രാത്രിയിൽ യഹൂദഭവനങ്ങളും സിനഗോഗുകളും വെന്തെരിഞ്ഞു.
ക്രിസ്തുഘാതകരായ ജൂതമതം
ക്രിസ്തുവിന്റെ കുരിശുമരണത്തിന് ജൂതസമൂഹം മുഴുവൻ ഉത്തരവാദികളാണെന്ന് ചില ക്രിസ്തുമതക്കാർ വളരെയേറെക്കാലം വിശ്വസിച്ചിരുന്നു. ഇങ്ങനെ ജൂതമതത്തെ മുഴുവൻ തന്നെ ക്രിസ്തുഘാതകരായി കരുതിപ്പോന്നതിനെ ക്രിസ്തുഘാതകരായ ജൂതമതം (Jewish deicide) എന്ന് വിവക്ഷിക്കുന്നു.[1] ചരിത്രത്തിലെങ്ങും ജൂതരെ ഇകഴ്ത്താനും പീഡിപ്പിക്കാനും താഴ്‌ത്തിക്കെട്ടാനും കൂട്ടക്കൊല നടത്താനുമെല്ലാം ഇക്കാര്യം ക്രിസ്ത്യാനികൾ ഉപയോഗിച്ചു. ജനക്കൂട്ടം ഒരുമിച്ച് ജൂതർക്കെതിരെ അക്രമം നടത്താനും വളരെ ഫലപ്രദമായി ഇക്കാര്യം ഉപയോഗിച്ചിരുന്നു. കുരിശുയുദ്ധങ്ങളിലും സ്പെയിനിലെ മതവിചാരണകളിലും ഹോളോകോസ്റ്റിലും ജൂതരെ കൂട്ടക്കൊല ചെയ്യാനും അവർ ക്രിസ്തുഘാതകർ ആണെന്ന കാര്യം ജനക്കൂട്ടത്തെ മുഴുവനും അവർക്കെതിരെ തിരിക്കാനുള്ള ഉപായമായിരുന്നു. ഈ വിശ്വാസത്തിനു കാരണമായത് പുതിയ നിയമത്തിലെ മത്തായിയുടെ സുവിശേഷം 27 -ആം അധ്യായത്തിലെ 24-25 വാചകങ്ങളാണ്. യോഹന്നാന്റെ സുവിശേഷം 19 -ആം അധ്യായം 6 ആം വാക്യം , (പുരോഹിതരും ഉദ്യോഗസ്ഥരും അവനെ കണ്ടപ്പോൾ, അവനെ ക്രൂശിക്കൂ, അവനെ ക്രൂശിക്കൂ എന്ന് അലറിവിളിച്ചപ്പോൾ, അവനെ കൊണ്ടുപോയി ക്രൂശിച്ചോളൂ, ഞാൻ അവനിൽ കുറ്റമൊന്നും കാണുന്നില്ല)
ക്രിസ്തുഘാതകരാണെന്നുള്ള ആരോപണത്തിന്റെ അവലംബം
മത്തായിയുടെ സുവിശേഷം 27 -ആം അധ്യായത്തിലെ വാചകം 24 ഉം 25 ഉം.
24 - താൻ എങ്ങും എത്തില്ലെന്നു മനസ്സിലാവുകയും ജനങ്ങളുടെ ആരവം അടുത്തുവരുന്നുണ്ടെന്നത് കേൾക്കുകയും ചെയ്ത് പീലാത്തോസ് ജനക്കൂട്ടത്തിന്റെ മുന്നിൽ വച്ച് വെള്ളമെടുത്ത് തന്റെ കൈകൾ കഴുകി, "ഈ മനുഷ്യന്റെ രക്തത്തിൽ എനിക്കു പങ്കില്ല," അയാൾ പറഞ്ഞു, "ഇത് നിങ്ങളുടെ ഉത്തരവാദിത്തമാണ്"
25 - അപ്പോൾ ജനങ്ങളെല്ലാം പ്രതിവചിച്ചു. "അയാളുടെ രക്തം ഞങ്ങളുടെയും ഞങ്ങളുടെ മക്കളുടെയും കയ്യിൽ പുരണ്ടിരിക്കുന്നു!
ഇതിനെയാണ് രക്തശാപം എന്ന വാക്കുകൊണ്ടു വിവക്ഷിക്കുന്നതും.
ജെറേമി കോഹൻ ഇങ്ങനെ പറയുന്നു:
സുവിശേഷങ്ങൾ വരുന്നതിനു മുന്നേതന്നെ പൗലോസ് പ്രവാചകനോ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാരോ ജൂതന്മാരെ ക്രിസ്തുവിന്റെ കൊലപാതകികളായി ചിത്രീകരിച്ചിരുന്നു. പുതിയനിയമം ഇക്കാര്യം ഊട്ടിയുറപ്പിച്ചു. തങ്ങൾ തന്നെ ജൂതന്മാരായതിനാൽ പൗലോസോ തന്റെ ശിഷ്യരോ എല്ലാ ജൂതന്മാരെയും കുറ്റപ്പെടുത്തിയിരുന്നില്ല. എന്നാൽ വലിയ താമസമില്ലാതെ ആ ആരോപണവും ഉറപ്പിക്കപ്പെട്ടു.
ആയിരക്കണക്കിനു വർഷങ്ങളോളം ഒരു സമൂഹത്തെയും മതത്തിന്റെയും വിശ്വാസികളെയും നികൃഷ്ടരായി കരുതാനും പീഡിപ്പിക്കാനും മാനുഷികമായ പരിഗണനകളില്ലാതെ പീഡിപ്പിക്കാനും ഈ വാചകങ്ങൾ പലരും ഉപയോഗിച്ചു പോന്നു.
ശക്തമായ ജൂത അനുകൂല തരംഗമുള്ള ഇന്നും യൂറോപ്യൻ സമൂഹങ്ങൾക്കിടയിൽ വംശീയമോ മതപരമായോ ഉള്ള ജൂത വിരുദ്ധത നിലനിൽക്കുന്നു. ആന്റിസെമിറ്റിസം പോലുള്ള ശക്തമായ നിയമങ്ങൾ ഉള്ളത് കൊണ്ട് പ്രത്യക്ഷമായി പ്രകടമാകുന്നില്ല എന്ന് മാത്രം. യൂറോപ്യൻ സമൂഹങ്ങൾ യഹൂദ സാന്നിദ്ധ്യത്തെ എക്കാലവും ഒരു ശല്യമായിട്ടാണ് കണ്ടിട്ടുള്ളത്.
